തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.ഐ.എമ്മുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്നും കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമാണ് അവരെന്നും കെ. മുരളീധരന്‍ എം.പി. ആദ്യം ഏക സിവില്‍ കോഡിനെ അംഗീകരിച്ചിരുന്ന ഇ.എം.എസിന്റെ പാര്‍ട്ടിക്ക് ഇപ്പോള്‍ പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
‘ശരീഅത്ത്, പൗരത്വഭേദഗതി വിഷയത്തിലെല്ലാം സി.പി.ഐ.എം കള്ളക്കളി കളിച്ചു. സി.എ.എ-എന്‍.ആര്‍.സി വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പിന്നീട് പ്രതിഷേധക്കാര്‍ക്കെതിരെ എല്‍.ഡി.എഫ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇന്നത്തെ കെ.പി.സി.സി യോഗത്തില്‍ തീരുമാനിക്കും. അതിന് ശേഷം പത്താം തീയതി യു.ഡി.എഫ് യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് അറിയിച്ച ശേഷം സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും,’ മുരളീധരന്‍ പറഞ്ഞു.
ഏക സിവില്‍ കോഡില്‍ സി.പി.ഐ.എം നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. ‘ബി.ജെ.പിയെ പോലെ ഭിന്നിപ്പുണ്ടാക്കാനാണ് നീക്കം. ചില മുസ്‌ലിം വിഭാഗങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.
ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നായിരുന്നു 87ല്‍ ഇ.എം.എസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കില്‍ അത് തുറന്ന് പറയാന്‍ സി.പി.ഐ.എം തയ്യാറാകണം,’ സതീശന്‍ പറഞ്ഞു.
അതേസമയം, ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നടത്തുന്ന സെമിനാറിലേക്ക് ഇടതുപക്ഷത്തെ ക്ഷണിച്ചേക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.
‘സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണോ എന്നതില്‍ തുടര്‍ചര്‍ച്ചക്ക് മുസ്‌ലിം ലീഗ് ഒരുങ്ങുകയാണ്. ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ കൂട്ടാന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ ആരോടും മത്സരമില്ല.
മുസ്‌ലിം വിഷയമാക്കി ധ്രുവീകരണം നടത്തുന്നവരോടൊപ്പം ചേരില്ല. ലീഗിന്റേത് പ്രക്ഷോഭമല്ല. ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന സെമിനാറുകള്‍ നടത്തുകയാണ്,’ പി.എം.എ സലാം പറഞ്ഞു.