ടൈഗർ 3യിലെ പ്രകടനത്തിലൂടെ ഇമ്രാൻ ഹാഷ്മിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ളത്. സൽമാൻ ഖാൻ-കത്രീന കൈഫ് ചിത്രത്തിൽ ആതിഷ് റഹ്മാൻ എന്ന പ്രതിനായകന്റെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. അടുത്തിടെ, സൂം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഇൻഡസ്ട്രിയിൽ താൻ നിരവധി ശത്രുക്കളെ സൃഷ്ടിച്ച സമയത്തെക്കുറിച്ച് ഇമ്രാൻ തുറന്നുപറഞ്ഞു. 2014-ൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ 4 എന്ന അഭിമുഖത്തിൽ ഇമ്രാൻ വിവാദ പരാമർശങ്ങൾ നടത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചത്.
ഒരു റാപ്പിഡ് ഫയർ റൗണ്ടിൽ ഐശ്വര്യ റായിയെ ഇമ്രാൻ ‘പ്ലാസ്റ്റിക്’ എന്ന് വിളിച്ചിരുന്നു. പിന്നീട് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് സംസാരിച്ച ഇമ്രാൻ പറഞ്ഞു ‘അതെ, ഞാൻ ഒരുപാട് ശത്രുക്കളെ സമ്പാദിച്ചു.’ എന്തുകൊണ്ടാണ് താൻ ടോക്ക് ഷോകളിൽ പോകുന്നത് നിർത്തിയതെന്നും താരം പറയുന്നുണ്ട്, ‘ഇത് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിട്ടാണ് ഞാൻ കരുതുന്നത്’.
കോഫി വിത്ത് കരൺ എപ്പിസോഡിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ചും ഇമ്രാൻ ഹാഷ്മി കൂട്ടിച്ചേർത്തു, ‘ഞാൻ ഇനിയും കോഫി വിത്ത് കരൺ പരിപാടിക്ക് പോയാൽ വീണ്ടും കുഴപ്പമുണ്ടാക്കും. റാപ്പിഡ് ഫയർ റൗണ്ടിൽ ഞാൻ മുമ്പ് ചെയ്തതിനേക്കാൾ മോശമായ ഉത്തരങ്ങൾ നൽകുമെന്ന് എനിക്ക് തോന്നുന്നു. കാരണം നമ്മുടെ അഭിപ്രായങ്ങളാണ്. ഈ ആളുകളോട് എനിക്ക് ഒരു വിരോധവുമില്ല. എനിക്ക് ഹാമ്പർ കിട്ടണം. അത് വെറുമൊരു ഒരു മത്സര ബുദ്ധിയിൽ പറഞ്ഞതാണ്’.
2014 ലാണ് ഇമ്രാൻ ഹാഷ്മി തന്റെ അമ്മാവനും ചലച്ചിത്ര നിർമാതാവുമായ മഹേഷ് ഭട്ടിനൊപ്പം സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ വന്നിരുന്നത്. റാപ്പിഡ് ഫയർ റൗണ്ടിലാണ് താരം വിവാദം സൃഷ്ടിച്ചത്. ഐശ്വര്യ റായ് ബച്ചന്റെ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്നായിരുന്നു ഇമ്രാനോട് ചോദിച്ചിരുന്നത്. ഒരു നിമിഷം പോലും ചിന്തിക്കാതെ ‘പ്ലാസ്റ്റിക്’ എന്ന് ഇമ്രാൻ മറുപടി പറഞ്ഞു. ശ്രദ്ധ കപൂറിന്റെ ശരീരഘടനയെക്കുറിച്ച്, എന്തെങ്കിലും കഴിക്കണം എന്ന വിവാദ പരാമർശവും അദ്ദേഹം നടത്തിയിരുന്നു.
പിന്നീട് ഇമ്രാൻ ഹാഷ്മി തന്റെ അഭിപ്രായത്തിൽ വ്യക്തത വരുത്തിയിരുന്നു. ‘എല്ലാവരേയും ഞാൻ ബഹുമാനിക്കുന്നു, ഇഷ്ടമാണ്, ഞാൻ ഐശ്വര്യയുടെ വലിയ ആരാധകനാണ്. ഞാൻ ഹം ദിൽ ദേ ചുകേ സനം ഒക്കെ കണ്ടിട്ടുണ്ട്, അത് ഹാമ്പർ കിട്ടാൻ വേണ്ടിയാണ് പറഞ്ഞത്’.
സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 നവംബര്‍ 11നാണ് തിയേറ്ററുകളിലെത്തിയത്. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ കത്രീന കൈഫാണ് നായികയായത്. പത്താന് ശേഷം യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ നിന്നുമുള്ള ചിത്രത്തിന് വലിയ ഹൈപ്പാണ് ലഭിച്ചത്.