ഇ.വി.എം പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതം; എന്തും ഹാക്ക് ചെയ്യപ്പെടാമെന്ന് രാജീവ് ചന്ദ്രശേഖറിന് എലോൺ മസ്കിന്റെ മറുപടി
national news
ഇ.വി.എം പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതം; എന്തും ഹാക്ക് ചെയ്യപ്പെടാമെന്ന് രാജീവ് ചന്ദ്രശേഖറിന് എലോൺ മസ്കിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 3:22 pm

ന്യൂദല്‍ഹി: പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതം ഇ.വി.എമ്മുകളാണെന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്. എന്തും ഹാക്ക് ചെയ്യപ്പെടാമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിന് മറുപടിയായി എലോണ്‍ മസ്‌ക് പറഞ്ഞത്.

ശനിയാഴ്ചയാണ് ഇ.വി.എമ്മുകളുടെ അട്ടിമറി ചൂണ്ടിക്കാട്ടി എലോണ്‍ മസ്‌ക് രംഗത്തെത്തിയത്. ഇ.വി.എം മനുഷ്യനോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ (എ.ഐ) ഹാക്ക് ചെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് എലോണ്‍ മസ്‌ക് പറഞ്ഞത്. തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എമ്മിന് പകരം പേപ്പര്‍ ബാലറ്റുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ഇത് റീ ട്വീറ്റ് ചെയ്ത് കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച പോസ്റ്റിനാണ് ഇപ്പോള്‍ മസ്‌ക് റിപ്പ്‌ളേ നല്‍കിയിരിക്കുന്നത്.

സാങ്കേതികമായി താങ്കളുടെ അവകാശവാദം ശരിയാണെങ്കിലും ഇ.വി.എമ്മില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.

‘സാങ്കേതികമായി നോക്കുമ്പോള്‍ നിങ്ങളുടെ അവകാശവാദം ശരിയാണ്. ക്വാണ്ടം കംപ്യൂട്ടിലൂടെ ഏത് എന്‍ക്രിപ്ഷനും ഡീക്രിപ്റ്റ് ചെയ്യാന്‍ കഴിയും. അതിലൂടെ ഒരു വിമാനത്തിന്റെ കോക്പിറ്റിന്റെ നിയന്ത്രണം ഉള്‍പ്പടെ ഏത് ഡിജിറ്റല്‍ ഹാര്‍ഡ്‌വെയറും ഹാക്ക് ചെയ്യാം. എന്നാല്‍ ഇ.വി.എം ഇതില്‍ നിന്നും വ്യത്യസ്തമാണ്. പേപ്പര്‍ ബാലറ്റുകളേക്കാള്‍ സുരക്ഷിതം ഇ.വി.എം തന്നെയാണ്,’ രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

ഈ പോസ്റ്റിനാണ് എലോണ്‍ മസ്‌ക് മറുപടി നല്‍കിയത്. യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി റോബർട്ട്. എഫ്. കെന്നഡി ജൂനിയർ ഇ.വി.എം മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പേപ്പർ ബാലറ്റിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്കിന്റെ പരാമർശം.

അതിനിടെ, മഹാരാഷ്ടയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറന്‍ മുംബൈയില്‍ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറിന്റെ വിജയത്തിൽ ഇ.വി.എം ഹാക്ക് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 48 വോട്ടുകള്‍ക്കാണ് മണ്ഡലത്തിൽ വൈക്കർ വിജയിച്ചത്.

വൈക്കറിന്റെ ബന്ധുവായ മങ്കേഷ് വസന്ത് പോളിങ് സ്റ്റേഷനില്‍ മൊബൈലുമായി എത്തിയെന്നായിരുന്നു ആരോപണം. പിന്നീട് ഈ ഫോണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമലത നിര്‍വഹിച്ചിരുന്ന ദിനേശ് ഗുരുവിന് കൈമാറിയെന്നും പറയുന്നു. നിലവില്‍ മങ്കേഷ് വസന്തിനെതിരെയും ദിനേശിനെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും ഈ വാർത്ത എക്സിൽ പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഈ വോട്ടിങ് മെഷിനുകളെ വിലയിരുത്താനോ പരിശോധിക്കാനോ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ ​പറഞ്ഞു.

Content Highlight: elon musk reply to rajeev chandrasekhar about evm