'മിസ്റ്റര്‍ ട്വീറ്റ്'; ട്വിറ്ററില്‍ പേരുമാറ്റി പുലിവാലുപിടിച്ച് മസ്‌ക്
World News
'മിസ്റ്റര്‍ ട്വീറ്റ്'; ട്വിറ്ററില്‍ പേരുമാറ്റി പുലിവാലുപിടിച്ച് മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2023, 1:18 pm

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ തന്റെ പേര് മാറ്റിയതിന് പിന്നാലെ പുലിവാല് പിടിച്ചെന്ന് പറയുകയാണ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ‘മിസ്റ്റര്‍ ട്വീറ്റ്’ എന്നാണ് മസ്‌ക് തന്റെ പുതിയ പേരായി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഈ പേര് മാറ്റാന്‍ ട്വിറ്റര്‍ സമ്മതിക്കുന്നില്ലെന്നുമാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.

‘എന്റെ പേര് മിസ്റ്റര്‍ ട്വീറ്റ് എന്ന് മാറ്റി, ഇപ്പോള്‍ അത് തിരികെ മാറ്റാന്‍ ട്വിറ്റര്‍ എന്നെ അനുവദിക്കില്ല,’ എന്നാണ് മസ്‌കിന്റെ പുതിയ ട്വീറ്റ്. ഒരു അഭിഭാഷകനുമായുള്ള വഴക്കിനിടെ അബദ്ധത്തിലാണ് മിസ്റ്റര്‍ ട്വീറ്റ് എന്ന് മാറ്റിയതെന്നും മസ്‌ക് പറഞ്ഞു.

ഈ ട്വീറ്റിന് താഴെ രസകരമായ ഒരുപാട് മറുപടികളാണ് വന്നുകൊണ്ടിരിക്കുന്നത്. മിസ്റ്റര്‍ ചീറ്റ് എന്നാണ് ഒരാളുടെ കമന്റ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പേര്
‘മിസ്റ്റര്‍ സ്ലീപ്പ്’എന്ന് മാറ്റാമോ? എന്നും ഒരാള്‍ ചോദിക്കുന്നു.

അതേസമയം, ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം ഒഴിയുകയാണെന്ന് ഇലോണ്‍ മസ്‌ക് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

സി.ഇ.ഒ സ്ഥാനത്തേക്ക് പകരക്കാരനായി ഒരാളെ കണ്ടെത്തുമെന്നും താന്‍ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളാണ് ശ്രദ്ധിക്കുകയെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചത്.

‘ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം മണ്ടനായ ഒരാളെ കിട്ടിയാല്‍ ഉടന്‍ തന്നെ ഞാന്‍ ഈ സ്ഥാനത്ത് നിന്നും രാജിവെക്കും. അതിനുശേഷം സോഫ്റ്റ് വെയര്‍ ആന്റ് സെര്‍വര്‍ വിഭാഗമായിരിക്കും ഞാന്‍ കൈകാര്യം ചെയ്യുക,’ എന്നാണ് മസ്‌ക് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മറ്റ് അപ്‌ഡേഷനൊന്നും അദ്ദേഹം നല്‍കിയിട്ടില്ല.