പെറി പെറി ലേഡി... മിതാലി ഒന്നാമതുള്ള ലിസ്റ്റിലെ ആദ്യ ഓസ്‌ട്രേലിയന്‍, ഇന്ത്യക്കെതിരെ ചരിത്രമെഴുതി എല്ലിസ് പെറി
Sports News
പെറി പെറി ലേഡി... മിതാലി ഒന്നാമതുള്ള ലിസ്റ്റിലെ ആദ്യ ഓസ്‌ട്രേലിയന്‍, ഇന്ത്യക്കെതിരെ ചരിത്രമെഴുതി എല്ലിസ് പെറി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th December 2024, 11:14 am

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചരിത്രം കുറിച്ച് സൂപ്പര്‍ താരം എല്ലിസ് പെറി. വനിതാ ഏകദിനത്തില്‍ 150 മത്സരം കളിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടത്തിലേക്കാണ് എല്ലിസ് പെറി കാലെടുത്ത് വെച്ചത്. ഈ നേട്ടത്തിലെത്തുന്ന എട്ടാമത് മാത്രം താരം എന്ന നേട്ടവും പെറി സ്വന്തമാക്കി.

ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് എല്ലിസ് പെറിയെ തേടി ഈ ചരിത്രനേട്ടമെത്തിയത്. പെര്‍ത്തിലെ വാക്ക സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്.

വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങള്‍

(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)

മിതാലി രാജ് – ഇന്ത്യ – 232

ജുലന്‍ ഗോസ്വാമി – ഇന്ത്യ – 204

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 191

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 166

സ്റ്റഫനി ടെയ്‌ലര്‍ – വെസ്റ്റ് ഇന്‍ഡീസ് – 160

മിഗ്നണ്‍ ഡു പെരെസ് – സൗത്ത് ആഫ്രിക്ക – 154

സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 150

എല്ലിസ് പെറി – ഓസ്‌ട്രേലിയ – 150*

2007 ജൂലൈയിലാണ് എല്ലിസ് പെറി വനിതാ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍. ആദ്യ മത്സരത്തില്‍ 20 പന്ത് നേരിട്ട താരം 19 റണ്‍സ് നേടി പുറത്തായി.

ഇതുവരെ കളിച്ച 149 മത്സരത്തിലെ 122 ഇന്നിങ്‌സില്‍ നിന്നും 50.80 ശരാശരിയില്‍ 4,064 റണ്‍സാണ് പെറി നേടിയത്. ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയുമാണ് താരം തന്റെ പേരില്‍ ഏഴുതിച്ചേര്‍ത്തത്. 2019ലെ ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പുറത്താകാതെ നേടിയ 112 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലാണ്. ഫോബ് ലീച്ച്ഫീല്‍ഡ് (33 പന്തില്‍ 25), ജോര്‍ജിയ വോള്‍ (30 പന്തില്‍ 26) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

ഏഴ് പന്തില്‍ മൂന്ന് റണ്‍സുമായി ബെത് മൂണിയും മൂന്ന് പന്തില്‍ ഒരു റണ്ണുമായി എല്ലിസ് പെറിയുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഫോബ് ലിച്ച്ഫീല്‍ഡ്, ജോര്‍ജിയ വോള്‍, എല്ലിസ് പെറി, ബെത് മൂണി (വിക്കറ്റ് കീപ്പര്‍), അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍, താലിയ മഗ്രാത്ത് (ക്യാപ്റ്റന്‍), സോഫി മോളിനക്‌സ്, അലാന കിങ്, കിം ഗാര്‍ത്, മേഗന്‍ ഷട്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്മൃതി മന്ഥാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, മിന്നു മണി, സൈമ താക്കൂര്‍, രേണുക സിങ്, അരുന്ധതി റെഡ്ഡി, ടിറ്റാസ് സാധു.

 

Content Highlight: Ellyse Perry becomes the first ever Australian cricketer to play 150 W ODIs