കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി വലിയ പരാജയമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. പാര്‍ട്ടിക്ക് ലഭിച്ച വോട്ടില്‍ അരശതമാനത്തിന്റെ കുറവ് പോലും ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തെരഞ്ഞടുപ്പ് ഫലം വിലയിരുത്തുന്നതിനായി നാളെ ദല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
“രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍, ദല്‍ഹിയില്‍ എല്ലായിടത്തും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം ലഭിച്ചത്. ഇത് തന്നെയാണ് വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിലും സംഭവിക്കാന്‍ പോകുന്നത്” അദ്ദേഹം പറഞ്ഞു.
തെരഞ്ഞടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഗുണകരമല്ലാത്ത ഒരു സ്ഥിതിയും ഉണ്ടായിട്ടില്ലെന്നും ബി.ജെ.പിയില്‍ ചേരുന്നവര്‍ 23ാം തിയ്യതി പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതൃയോഗം നാളെയാണ് ദല്‍ഹിയില്‍ ചേരുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടി തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജന്‍ഡയിലുണ്ട്. എം.പിമാര്‍, സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും നേട്ടം കൊയ്ത ബി.ജെ.പിക്ക് ഇത്തവണ സ്വന്തം കോട്ടകള്‍ കാത്തുസൂക്ഷിക്കാനായില്ല.