കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി
Kerala
കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th March 2014, 5:40 pm

[share]

[] ന്യൂദല്‍ഹി: കസ്തൂരിരംഗനില്‍ കരട് വിജ്ഞാപനം പുറത്തിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി.

എന്നാല്‍ തിരഞ്ഞെടുപ്പ് സമയമായതിനാല്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കരുതെന്നുംകമ്മീഷന്‍ ഉത്തരവിട്ടു.

ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരട് വിജ്ഞാപനം പുറത്തിറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യഴാഴ്ച്ചയാണ് പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

അതേസമയം കരട് വിജ്ഞാപനം ഇറങ്ങിയാലും നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ നവംബര്‍ 13ലെ ഉത്തരവ് ഭേദഗതി ചെയ്താണ് ഓഫീസ് മെമ്മോറാണ്ടമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുടെ വിശദീകരണം നല്‍കി.

കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളം നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്‌ഐ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിരുന്നു.

പ്രസ്തുത കമ്മിറ്റിയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഓഫീസ് മെമ്മോറാണ്ടവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുന്നത് സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനിന്നിരുന്നു.

ഇതോടെ കരട് വിജ്ഞാപനത്തിലെ ആശങ്കകള്‍ അകന്നുവെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ശ്രമം പാളിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

എന്നാല്‍ കരട് വിജ്ഞാപനം അംഗീകരിക്കുന്നില്ലെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി പറഞ്ഞു. അന്തിമ തീരുമാനം വരുന്നതുവരെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്നും സമിതി അറിയിച്ചു.