തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലേക്ക് മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും പ്രവേശിപ്പിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം എം.പി എളമരം കരീം. ബി.ജെ.പി സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ മറച്ചുവെക്കാനുള്ളതുകൊണ്ടാണ് ഹാത്രാസിലേക്ക് ആരെയും പ്രവേശിപ്പിക്കാത്തതെന്നും യോഗിയുടെ ഭരണത്തില്‍ സ്ത്രീകളും ദളിതരും സുരക്ഷിതരല്ലെന്നും എളമരം കരീം ട്വീറ്റ് ചെയ്തു.
ജസ്റ്റിസ് ഫോര്‍ ഇന്ത്യാസ് ഡോട്ടേഴ്‌സ് എന്ന ഹാഷ്ടാഗോട് കൂടിയാണ് കരീം ട്വീറ്റ് ചെയ്തത്.
Political leaders & even media are being stopped from reaching #Hatras. Clearly shows the BJP Govt have a lot to hide. They fear people’s anger & don’t want us to know the truth. Women & dalits aren’t safe in Yogi rule. This regime is a national shame.#JusticeForIndiasDaughters
‘രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വരെ ഹാത്രാസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ബി.ജെ.പി സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ ഒളിച്ചുവെക്കാനുണ്ടെന്നാണ് ഈ നടപടി വ്യക്തമാക്കുന്നത്. അവര്‍ക്ക് ജനരോഷത്തെ പേടിയാണ്. ജനങ്ങള്‍ സത്യമറിയരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളും ദളിതരും യോഗിയുടെ ഭരണത്തിന്റെ കീഴില്‍ സുരക്ഷിതരല്ല. ഈ ഭരണം രാജ്യത്തിന് നാണക്കേടാണ്.’ എളമരം കരീം ട്വിറ്ററിലെഴുതി.
ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്നും ദളിത് പ്രശ്‌നമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള പൊലീസിന്റെ വാദങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
കുടുംബാംഗങ്ങളുടെ അനുവാദമില്ലാതെ ബലമായി പൊലീസ് മൃതദേഹം സംസ്‌ക്കരിച്ചതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം പറഞ്ഞിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ വായടയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു.
സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായെത്തിയ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണെന്ന് പറഞ്ഞു. ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്ച എന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗാസിയബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക