Advertisement
Kerala News
പാറ്റൂര്‍ കേസ്: 'ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും'; കോടതി വിധിയ്ക്ക് പിന്നാലെ ഭരത്ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 09, 09:41 am
Friday, 9th February 2018, 3:11 pm

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് തൊട്ടുപിന്നാലെ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്ന് കോടതി വിധി പുറത്തുവന്നതിനു പിന്നാലെയാണ് ഭരത്ഭൂണഷണ്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായെത്തിയ ഭരത്ഭൂഷണ്‍ പൊതു സമൂഹത്തിനു മുന്നില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും എങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഭരത്ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കിയത്. പാറ്റൂരില്‍ സ്വകാര്യ ബില്‍ഡറെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിലൂടെ 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.

അതേസമയം പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നതിന് ലോകായുക്തയ്ക്ക് നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തത്കാലം കോടതിയലക്ഷ്യ നടപടികളിലേക്ക് പോകുന്നില്ലെന്നും വ്യക്തമാക്കി.