World News
ഇസ്രഈല്‍ കുടിയിറക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനാകില്ല ; ഈജിപ്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 01, 12:52 pm
Wednesday, 1st November 2023, 6:22 pm

കെയ്‌റോ: ഗസയില്‍ നിന്ന് പലായനം ചെയ്യുന്ന ഫലസ്തീനികളെ ഈജിപ്ത് ഏറ്റെടുക്കില്ല. ഇസ്രഈല്‍ നിര്‍ബന്ധിതമായി ഫലസ്തീനികളെ ഈജിപ്തിലേക്ക് കുടിയിറക്കാനുള്ള പദ്ധതി ഇട്ടതിന് പിന്നാലെയാണ് പ്രതികരണം.

ഗസക്കാരെ സ്വീകരിക്കാന്‍ കെയ്‌റോയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

എന്നാല്‍ ഈജിപ്തിനെ സമ്മര്‍ദ്ദം ചെലുത്താനുള്ള അഭ്യര്‍ത്ഥന ഫ്രാന്‍സും ജര്‍മ്മനിയും നിരസിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ നിന്നും പലായനം ചെയ്തുവരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല എന്ന് ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി പറഞ്ഞു.

ചൊവ്വാഴ്ച വടക്കന്‍ സിനായ് സന്ദര്‍ശനത്തെ തുടര്‍ന്ന് തങ്ങളുടെ പ്രദേശം സംരക്ഷിക്കാനും അതിന്റെ പരമാധികാരം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞ എടുക്കുകയും ചെയ്തു.

‘ഞങ്ങളുടെ പ്രദേശത്ത് ആരും അതിക്രമിച്ചു കടക്കുന്നില്ലായെന്ന് ഉറപ്പാക്കാന്‍ ദശലക്ഷക്കണക്കിന് ജീവന്‍ ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു.
‘ആളുകളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയിറക്കുന്നതിലൂടെ ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും കെയ്‌റോ നിരസിക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് പറഞ്ഞു.

Content Highlight: Egypt refused to accept refugees from palastine