ന്യൂദൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പാർലമെൻ്റിൽ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ(ഇ.ജി.ഐ). മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് നീക്കം.
സർക്കാർ കൊണ്ട് വന്ന നിയമങ്ങൾ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറയുന്നു.
‘മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമ നിർമാണത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടന്നിട്ടില്ല. നിയമങ്ങളുടെ കരട് തയ്യാറാക്കുന്നതിലും പാസാക്കുന്നതിലും വ്യക്തമായ അഭിപ്രായം തേടാതെയാണ് ഗവൺമെൻ്റ് നടപടിയെടുത്തത്,’ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറഞ്ഞു.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌ട് (2023), ബ്രോഡ്‌കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബിൽ (2023), പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ആനുകാലിക നിയമം (2023), ഐ.ടി റൂൾസ് 2021 എന്നിവ ഉൾപ്പെടെയുള്ള നിയമനിർമാണ നടപടികളെക്കുറിച്ച് കത്തിൽ ചൂണ്ടിക്കാട്ടി.