എഡിറ്റോ- റിയല്‍ / ബാബു ഭരദ്വാജ്
ഈ കപടലോകത്തില്‍ എന്തൊക്കെയാണ് ദിവസംതോറും സംഭവിച്ചുകൊണ്ടിരിക്കുന്നത്.അതേക്കുറിച്ചൊന്നും ഞങ്ങള്‍ അതിശയിക്കുന്നില്ല,ആശങ്കിക്കുന്നില്ല. സംഭവപരമ്പരകള്‍ യെങ്കിലും ധര്‍മ്മരോഷം തിളപ്പിക്കുന്നുവെങ്കില്‍ ഞങ്ങള്‍ക്കവരെക്കുറിച്ച് സഹതാപമേയുള്ളു.
പറഞ്ഞുവരുന്നത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും സിന്ധുജോയിയുടെയും കൂടുവിട്ട് കൂടുമാറലാണ്. സി.പി.ഐ.എമ്മിനോ ഇടതുപക്ഷത്തിനോ അതുകൊണ്ട് എന്തെങ്കിലും നഷ്ടം പറ്റിയെന്ന് ഞങ്ങള്‍ പറയില്ല. ഈ രണ്ടു പൊറ്റകള്‍ അടര്‍ന്നുവീഴുന്നതിലൂടെ അതിന്റെ ഗുരുതരമായ ചൊറി ഭേദമായി എന്നും ഞങ്ങള്‍ കരുതുന്നില്ല. ഇനിയും പല വ്രണങ്ങളും ചൊറിയാനും പഴുത്തൊലിക്കാനും തുടങ്ങും. അത്രയേറെ മാരകമായ രോഗാണുക്കളും മാലിന്യങ്ങളുമാണ് കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷംകൊണ്ട് ആ പാര്‍ട്ടി അകത്തേക്ക് വലിച്ചുകയറ്റിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് അതിന്റെ ആസന്ന മരണ ചിന്തകള്‍ ഇടയ്ക്കിടെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്.
ആ പ്രസ്ഥാനം ചിരംജീവിയായിരിക്കണമെന്നാണ് ഞങ്ങളെപ്പോഴും ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ചരിത്രം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇടതുപക്ഷപ്രസ്ഥാനം വഹിച്ച മഹത്തായ പങ്കില്‍ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ സിന്ധുജോയിയെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും കൊഴിഞ്ഞുപോക്ക് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.
പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും പുറത്തുപോകാനും അതുകഴിഞ്ഞ് വേറേതൊക്കെയോ പാര്‍ട്ടികളെയും മുന്നണികളെയും പരിണയിക്കാനും അവര്‍ കാണിക്കുന്ന തിടുക്കവും വെപ്രാളവും അതിനായി പറയുന്ന ന്യായവുമാണ് ഞങ്ങളെ രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും.
കണ്ണന്താനം രാജിവെക്കാന്‍ ആദ്യം പറഞ്ഞ ന്യായം സഖാവ് വി.എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ്. പിന്നെ പറഞ്ഞത് കേരളത്തില്‍ ദരിദ്രര്‍ കുറവായതുകൊണ്ട് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നതാണ്. പിന്നീട് അടുത്തനാള്‍ കണ്ടതും കേട്ടതും അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേരുന്നതും ബി.ജെ.പി അധ്യക്ഷന്‍ ഗഡ്കരിയില്‍നിന്ന് പൂച്ചെണ്ടുവാങ്ങുന്നതുമാണ്.ദരിദ്രരെ സേവിക്കാനുള്ള അവസരം കണ്ണന്താനത്തിന് ലഭിക്കട്ടേയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
പഠിക്കുന്തോറും വിഡ്ഢികളായിക്കൊണ്ടിരിക്കുന്ന ഒരു അധികാരി വര്‍ഗത്തിന്റെ ഉത്തമ സന്തതിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. ജനങ്ങളെ ഭരിക്കാന്‍വേണ്ടി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളില്‍ ഒരാള്‍. കോട്ടും ടൈയും കെട്ടിയ ആദരണീയനായ ഗുമസ്ഥന്‍മാരില്‍ ഒരാള്‍ ഐ എ എസുകാരന്‍. അവരെ ജനം തിരഞ്ഞെടുക്കുന്നതല്ല,അവരിരിക്കുന്ന കസേരകളും ജനങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല. ജനാധിപത്യഭരണക്രമത്തില്‍ അനാവശ്യമായ ആര്‍ഭാടമാണ് ഐഎഎസുകാര്‍ എന്ന് ഞങ്ങള്‍ എന്നും വിശ്വസിക്കുന്നു.
അവരുടെ ബുദ്ധിയും വിവേകവു എത്രത്തോളം പാപ്പരായതാണെന്ന് ഇത്തരം സംഭവങ്ങള്‍ ഇടയ്ക്കിടെ തെളിയിക്കാറുണ്ട്. അധികാരത്തിനുവേണ്ടി എന്ത് അല്‍പ്പത്തരവും അവര്‍ കാണിക്കും എന്നുമറിയാം. എന്തിനു വേണ്ടിയാണ് കണ്ണന്താനത്തെ മുന്നണിയിലേക്ക് വലിച്ചുകയറ്റിയതെന്ന് നേരത്തെ അത്ഭുതം തോന്നിയിരുന്നു. ഇപ്പോഴത് മാറിക്കിട്ടി.
സിന്ധുജോയി പാര്‍ട്ടിയെ മൊഴിചൊല്ലാന്‍ പറഞ്ഞ കാരണം ഇതിലേറെ രസകരമാണ്. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നതാണത്. അതുകൊണ്ട് സിന്ധുവെന്ന “വിപ്ലവകേരളത്തിന്റെ പുളകം” കോണ്‍ഗ്രസ്സില്‍ ചെന്ന് പുളഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സ് അതിനെ സ്വന്തം തൊഴുത്തില്‍ പിടിച്ചുകെട്ടുകയും ചെയ്തിരിക്കുന്നു. അവിടം ഈയിനം “ജന്തുക്കള്‍ക്ക്” ഒരു പരിഗണനയും കിട്ടാത്ത ഇടവും കൂടിയാണെന്ന് ഓര്‍ക്കണം.പുല്ലും വെള്ളവുംകൂടി കിട്ടില്ല.
സിന്ധുജോയി “വിപ്ലവകേരളത്തിന്റെ പുളകമാണെന്ന” മുദ്രാവാക്യം കേരളത്തിലെ ജനങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എറണാകുളം ജില്ലക്കാരുടെ കാതുകളില്‍ നിന്ന് അതിന്റെ അലയൊലി അകന്ന് പോയിട്ടും ഉണ്ടാവില്ല. ആരെയാണ് ഇങ്ങിനെ സിന്ധുജോയി പുളകംകൊള്ളിച്ചതെന്ന കാര്യത്തിലേ സംശയമുണ്ടായിരുന്നുള്ളു.
ഒരു സ്ത്രീയെന്ന നിലയില്‍ സിന്ധുജോയിയെ ആവശ്യത്തിലേറെ പാര്‍ട്ടിയിലെ നേതാക്കന്‍മാര്‍ പരിഗണിച്ചതാണ് സിന്ധുജോയിയുടെ ആകസ്മികമായ അതിവേഗത്തകര്‍ച്ചയ്ക്കും പിന്നീടുള്ള ഈ കൊഴിഞ്ഞുപോക്കിനും കാരണമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. രാഷ്ട്രീയത്തില്‍ സിന്ധുജോയി പഠിച്ച “അജഗണിത”ത്തിലായാലും “ബീജഗണിത”ത്തിലായാലും അതില്‍ സംഖ്യകളുണ്ടാവും. തോല്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ ഏഴിനേക്കാള്‍ വലുത് തന്നെയാണ് സി.പി.ഐ.എമ്മിന്റെ ജയസാധ്യത ഏറെ സീറ്റുകളിലുള്ള ഒന്‍പത് എന്ന് ജനങ്ങള്‍ക്ക് മനസ്സിലാവും.
എവിടെയാണ് സിന്ധുജോയി അവഗണിക്കപ്പെട്ടത്?. എന്നാണ് അവള്‍ അവഗണിതേകാന്ത ജീവിതാന്ധയായത്?.
പഠിക്കുമ്പോള്‍തന്നെ എസ്.എഫ്.ഐ കേരളാഘടകത്തിന്റെ പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ആവുന്നു. കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി തിരഞ്ഞെടുപ്പുപോരാട്ടത്തില്‍ ഏര്‍പ്പെടാന്‍ നിയുക്തയാവുന്നു.ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്കോ പ്രവര്‍ത്തകനോ കിട്ടാവുന്നതില്‍ വെച്ചേറ്റവും വലിയ ബഹുമതിയാണ് ഭരണകക്ഷത്തലവനെ പോരിന് വിളിച്ചിറക്കുക എന്നത്.
അതുകഴിഞ്ഞ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ നിയുക്തയാവുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ചുരുങ്ങി യഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ ഒന്നാണ് എറണാകുളം. ഇതൊക്കെ കഴിഞ്ഞിട്ടു ഒരുപാടുകാലമായിട്ടില്ല. മാത്രമല്ല സിന്ധുജോയി ഈ കാലത്ത് പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമാണ്.
പിന്നീടെപ്പോഴാണ് സിന്ധുജോയിക്ക് അവളാഗ്രഹിക്കുന്ന തരത്തിലുള്ള “പരിലാളന” കിട്ടാതെ പോയത്. ടി.വി പരസ്യത്തില്‍ ഒരു സ്ത്രീ വിചാരിക്കുന്നതുപോലെ ഇയ്യിടെയായി നിങ്ങള്‍ക്ക് എന്നോട് ഒട്ടും സ്‌നേഹമില്ല എന്ന് സിന്ധുജോയി പറയാന്‍ തുടങ്ങിയിരുന്നോ എന്ന കാര്യം അതൊക്കെ ശ്രവിച്ച “പുളകിതഗാത്രര്‍”ക്ക് മാത്രമേ ഇനി വെളിപ്പെടുത്താനാവൂ.
സിന്ധുജോയിയെപ്പോലുള്ളവര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കിസ്റ്റ് എന്ന പ്രസ്ഥാനത്തിന് ബാധിച്ച ഗുരുതരമായ രോഗത്തിന്റെ ഉഷ്ണപ്പൂക്കളാണ്. അതൊരു സിന്ധുജോയിയില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യില്ല. അതിങ്ങനെ പൂത്തുകൊണ്ടിരിക്കും, കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കും.
കൊഴിഞ്ഞുപോവാതിരിക്കുന്ന അവസ്ഥയെയാണ് ഭയപ്പെടേണ്ടത്. സിന്ധുജോയി പഴയപോലെ തുടര്‍ന്നാല്‍ സമീപഭാവിയില്‍ സംസ്ഥാനകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആവും. പ്രായം ഇതായതിനാല്‍ പെട്ടന്ന് പോളിറ്റ് ബ്യൂറോ മെമ്പറും ആവാന്‍ കഴിഞ്ഞേക്കും. അതിനുവേണ്ട വിപ്ലവമൊക്കെ സിന്ധുവിന് കൈമുതലായുണ്ട്. പാര്‍ട്ടിയുടെ അത്യുന്നത പദവികളിലൊന്നാണത്.
രണ്ട് കേന്ദ്ര കമ്മറ്റികള്‍ക്കിടയില്‍ പാര്‍ട്ടിയെ ദൈനംദിനം നയിക്കേണ്ട ഘടകമാണത്. ആ ഘടകം ദിനംപ്രതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന നടപടികളും കാണുമ്പോള്‍ തന്നെ ഒരുകാര്യം വ്യക്തമാണ്. സിന്ധുജോയിയെപ്പോലെ ആകസ്മികമായി ഉയര്‍ന്നെത്തിയ കുറേ ശുംഭന്മാരാണ് അവള്‍ എന്ന്. ശുംഭന്മാര്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുമെന്ന് ഞങ്ങള്‍ക്കറിയാം.ആ വാക്കിന് വളരെ മഹനീയമായ അര്‍ത്ഥമാണുള്ളതെന്നാളല്ലൊ ജയരാജന്‍മാര്‍ പറയുന്നത്. മൂടില്ലാതാളികള്‍ എന്ന വിശേഷണവും അവര്‍ സന്തോഷത്തോടെ സ്വീകരിക്കും. അതാണവര്‍ക്കിഷ്ടം. കാരണം എപ്പോള്‍ വേണമെങ്കിലും തപ്പിത്തടഞ്ഞെണീറ്റ് മറുകണ്ടംചാടാമല്ലോ.
ഏതായാലും ഒരു നിയുക്ത പി ബി അംഗത്തിന്റെ കൊഴിഞ്ഞുപോക്കായി ഞങ്ങളിതിനെ കാണുന്നു
അവരുടെ വിരഹത്തില്‍ ജനം വിഷമിക്കില്ല. കാരണം ജനങ്ങള്‍ക്ക് ഈ “പുരുഷന്മാരെ” അറിയില്ല. ഇവര്‍ക്ക് ജനങ്ങളേയും. എന്നാല്‍ അവര്‍ പ്രസ്ഥാനത്തിലേക്ക് കടത്തിവിടുന്ന രോഗാണുക്കള്‍ ഈ പ്രസ്ഥാനത്തെ കാര്‍ന്നുതിന്നു കൊല്ലും. സിന്ധുജോയിയുടെ രാജി യഥാര്‍ത്ഥ പാര്‍ട്ടി സഖാക്കളെ ജാഗരൂകരാക്കേണ്ടതാണ്. കേള്‍ക്കേണ്ട പാര്‍ട്ടി നേതാക്കളുടെ ബോധനിലവാരവും സമാനമായതുകൊണ്ട് അതിനെ തീവ്രമായി ആഗ്രഹിക്കാന്‍ നമുക്കാവുകയുമില്ല.
ഏതായാലും ഒരു നിയുക്ത പി ബി അംഗത്തിന്റെ കൊഴിഞ്ഞുപോക്കായി ഞങ്ങളിതിനെ കാണുന്നു.സിന്ധുജോയിയെപ്പോലുള്ള ഒരേ തൂവല്‍പ്പക്ഷികളാണ് ദല്‍ഹിയിലെ ആ കൂട്ടില്‍ നിറയെ.