Football
അവന് ബാലണ്‍ ഡി ഓര്‍ നല്‍കാതിരിക്കുന്നത് ശരിയല്ല: ഈഡൻ ഹസാർഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 30, 03:47 am
Monday, 30th October 2023, 9:17 am

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ അവാര്‍ഡ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നേടുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബെല്‍ജിയന്‍ മുന്‍ താരവും ചെല്‍സി ഇതിഹാസവുമായ ഈഡൻ ഹസാർഡ്.

മെസി കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നുവെന്നും കഴിഞ്ഞ ലോകകപ്പ് നേടിയതിനാലും മെസി അവാര്‍ഡിന് അര്‍ഹനാണെന്നുമാണ് ഹസാര്‍ഡ് പറഞ്ഞത്.

‘അദ്ദേഹം ലോകകപ്പ് നേടി അതുകൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരന് ബാലണ്‍ ഡി ഓര്‍ നല്‍കാതിരിക്കുന്നത് ശരിയല്ല,’ ജി.എഫ്.എഫ്.എന്‍ ഹസാര്‍ഡിനെ ഉദ്ധരിച്ച് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടം മെസി നേടിയിരുന്നു. പി.എസ്.ജിക്കൊപ്പം 41 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും 20 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കി.

2022 ഖത്തര്‍ ലോകകപ്പില്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കാനും വേള്‍ഡ് കപ്പ് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

അതേസമയം മെസിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടും അവാര്‍ഡിനായി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 53 മത്സരങ്ങളില്‍ നിന്നും 52 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് ഹാലണ്ട് നേടിയത്. സിറ്റിക്കൊപ്പം ട്രെബിള്‍ നേടാനും ഹാലണ്ടിന് സാധിച്ചിരുന്നു.

എന്നാല്‍ ഇതിനോടകം തന്നെ മെസി എട്ടാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

Content Highlight: Eden Hazard talks who will win the Ballon d’or award.