ഞാനാണ് റൊണാൾഡോയെക്കാൾ മികച്ച താരം; ഈഡൻ ഹസാഡ്
Cricket
ഞാനാണ് റൊണാൾഡോയെക്കാൾ മികച്ച താരം; ഈഡൻ ഹസാഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 3:21 pm

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച താരം താനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാഡ്. പ്രതിഭയുടെ കാര്യത്തില്‍ ലയണല്‍ മെസി മാത്രമേ തനിക്ക് മുകളില്‍ വരുകയുള്ളൂവെന്നും ഹസാഡ് പറഞ്ഞു. എല്‍ എക്വുപ്പിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ബെല്‍ജിയന്‍ താരം.

‘ലയണല്‍ മെസിയെ കാണാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് കാരണം അദ്ദേഹത്തില്‍ നിന്നും പന്തു വാങ്ങുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണ്.

വ്യക്തിപരമായി ഒരു കാര്യം പറയുകയാണെങ്കില്‍ ഞാന്‍ റൊണാള്‍ഡോയെക്കാള്‍ മികച്ചതാണ്. എന്നാല്‍ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ മികച്ച പ്രകടനം നടത്തി. കാരണം ബെന്‍സിമ, മോഡ്രിച്ച്, ടോണി ക്രൂസ് പോലുള്ള മികച്ച താരങ്ങള്‍ അവിടെയുണ്ടായിരുന്നു,’ ഹസാഡ് പറഞ്ഞു.

ഈഡന്‍ ഹസാഡ് 2019ലാണ് ചെല്‍സിയില്‍ നിന്നും സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുന്നത്. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്സി ആയിരുന്നു ബെല്‍ജിയന്‍ താരത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ പരിക്കുകള്‍ കാരണം ഹസാഡിന് റയല്‍ മാഡ്രിഡില്‍ പല മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.

നാല് സീസണുകളിലായി റയല്‍ മാഡ്രിഡിനായി 76 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും 12 അസിസ്റ്റുകളും ആണ് ഹസാഡ് നേടിയത്. 2023ല്‍ താരം റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയുമായിരുന്നു.

അതേസമയം റൊണാള്‍ഡോ 2009ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയല്‍ മാഡ്രിഡില്‍ എത്തുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം ഒരു അവിസ്മരണീയമായ കരിയറാണ് റൊണാള്‍ഡോ പുറത്തെടുത്തത്.

451 ഗോളുകളാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായി നേടിയത്. നാല് ചാമ്പ്യന്‍സ് ലീഗ്, രണ്ട് ലാ ലിഗ, രണ്ട് കോപ്പ ഡെല്‍ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പം നേടിയിട്ടുള്ളത്.

Content Highlight: Eden Hazard talks about Cristaino Ronaldo and Lionel Messi.