നാഷണൽ ഹെറാൾഡ് കേസ്; 751.9 കോടി രൂപയുടെ സ്വത്ത്‌ കണ്ടുകെട്ടി ഇ.ഡി
national news
നാഷണൽ ഹെറാൾഡ് കേസ്; 751.9 കോടി രൂപയുടെ സ്വത്ത്‌ കണ്ടുകെട്ടി ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2023, 8:44 pm

ന്യൂദൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും (എ.ജെ.എൽ) യങ് ഇന്ത്യയുടെയും 751.9 കോടി രൂപയുടെ സ്വത്ത്‌ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

മുംബൈയിലെയും ദൽഹിയിലെയും നാഷണൽ ഹെറാൾഡ് ഹൗസുകളും ലഖ്‌നൗവിലെ നെഹ്‌റു ഭവനുമായിരുന്നു കണ്ടുകെട്ടിയത്.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് ദൽഹിയിലും മുംബൈയിലും ലഖ്‌നൗവിലുമായി 661.69 കോടി രൂപയുടെ വസ്തുവുണ്ടെന്നും യങ് ഇന്ത്യക്ക് നിക്ഷേപ രൂപത്തിൽ 90.21 കോടി രൂപയുണ്ടെന്നും ഇ.ഡി പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് പ്രസ്. എ.ജെ.എല്ലിന്റെ ഹോൾഡിങ് കമ്പനിയാണ് യങ് ഇന്ത്യ. എങ്ങനെ യങ് ഇന്ത്യ വഴി എ.ജെ.എൽ എന്ന കമ്പനിയെ കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തു എന്നതാണ് കേസ്.

2013ൽ ബി.ജെ.പി നേതാവായ സുബ്രഹ്മണ്യൻ സ്വാമി ഡൽഹി കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പത്രം സ്വന്തമാക്കുന്നതിന് ഗാന്ധി കുടുംബം ഫണ്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

2015 ഡിസംബറിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ട്രയൽ കോടതി ജാമ്യം നൽകിയിരുന്നു. എ.ജെ.എൽ കോൺഗ്രസിന് നൽകാനുള്ള 90.25 കോടി രൂപ തിരിച്ചു പിടിക്കാനുള്ള അവകാശം നേടിയെടുക്കാൻ സോണിയയും രാഹുലും ഉൾപ്പെടെയുള്ളവർ 50 ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് സ്വാമി ആരോപിച്ചു.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുറമേ ഓസ്കാർ ഫെർണാണ്ടസ്, അന്തരിച്ച മോത്തിലാൽ വോറ, സാം പിട്രോ എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിരുന്നു.

കേസ് രാഷ്ട്രീയ പ്രേരീതമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Content Highlight: ED attaches assets worth over Rs 750 crore in probe against Congress-linked National Herald