ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഖബറടക്കും. ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ ആവശ്യം സര്‍വകലാശാല അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.
ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഡാനിഷ് ജാമിഅയില്‍ നിന്ന് തന്നെയാണ് മാധ്യമപഠനവും പൂര്‍ത്തിയാക്കിയത്. ജാമിഅ ക്യാമ്പസുമായി വലിയ ബന്ധം കാത്തു സൂക്ഷിച്ചയാളായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം താലിബാന്‍ റെഡ്‌ക്രോസിന് കൈമാറിയ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ഡഹാറിലുണ്ടായ വെടിവെപ്പിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.
കഴിഞ്ഞയാഴ്ചയാണു കാണ്ഡഹാര്‍ താവളത്തില്‍നിന്നുള്ള അഫ്ഗാന്‍ സേനയ്‌ക്കൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി സിദ്ദിഖി യുദ്ധമുഖത്തേക്കു പോയത്.