ഡോക്ടര്‍ വന്നതോടെ കോണ്‍ഗ്രസ് വിറച്ചു; വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു ജോ ജോസഫ്: ഇ.പി.ജയരാജന്‍
Kerala News
ഡോക്ടര്‍ വന്നതോടെ കോണ്‍ഗ്രസ് വിറച്ചു; വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു ജോ ജോസഫ്: ഇ.പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 3:52 pm

കൊച്ചി: കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു തൃക്കാകര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ജോ ജോസഫ് വന്നതോടെ കോണ്‍ഗ്രസ് വിറച്ചുപോയിരിക്കുകയാണെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു.

‘പൊതു, സാമൂഹ്യ രംഗത്ത് നിറഞ്ഞുപ്രവര്‍ത്തിക്കുന്നയാളാണ് ഡോ. ജോസഫ്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എല്ലാ പാര്‍ട്ടിക്കാരും അദ്ദേഹത്തിന് സ്വീകരണം നല്‍കിയിരുന്നു,’ ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

നിയമപരമായി നടപടിയെടുക്കേണ്ടവര്‍ക്കെതിരെ നിമയമപരമായി തന്നെ നേരിടേണ്ടിവരുമെന്നും കെ. സുധാകരനെതിരെ കേസെടുത്ത വിഷയത്തില്‍ ഇ.പി. ജയരാജന്‍ പ്രതികരിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമമാണ്. കേരളം സംസ്‌കാരമുള്ള ഒരു ജനതയുടെ നാടാണ്. ഇതിനെക്കുറിച്ചൊക്കെ നിരീക്ഷിക്കാനും അഭിപ്രായം പറയാനുമൊക്കെ കഴിവുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. കേരളം സമ്പൂര്‍ണ സാക്ഷരതയുള്ള നാടാണ്. ന്യൂ ജനറേഷന്‍ ഹൈലി എജുക്കേറ്റഡാണ്. ആ ജനത ഇതെല്ലാം മനസിലാക്കും. പ്രസംഗം നടത്തി പ്രകോപിപ്പിച്ച് രാജ്യത്ത് സംഘര്‍ഷം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും ജയരാജന്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയാണ് പഞ്ചാബിലും ദല്‍ഹിയിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. ഇപ്പോള്‍ തൃക്കാക്കരയില്‍ യു.ഡി.എഫ് അവരുടെ പിന്തുണ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയെയാണ് തൃക്കാക്കരയില്‍ എല്‍.ഡി.എഫ് നിര്‍ത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ജോര്‍ജ് തന്നെ പറഞ്ഞതാണ് ജോ ജോസഫ് തന്റെ സ്ഥാനര്‍ത്ഥിയാണെന്നുള്ളതെന്നും സതീശന്‍ പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പരസ്യമായി ബി.ജെ.പിയെ സഹായിച്ചെന്നും സതീശന്‍ പറഞ്ഞു.

എറണാകുളം നഗരത്തില്‍ ഒരു സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് വെറും 24 വോട്ടാണ്. നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പിയെ സഹായിച്ചതിന് കൃത്യമായ തെളിവുകളുണ്ട്. വോട്ടുകള്‍ നോക്കുകയാണെങ്കില്‍ യു.ഡി.എഫിന് വോട്ട് കൂടിയിട്ടുണ്ട്. ചെറിയ മഴയൊക്കെ പെയ്തതുകൊണ്ട് ആളുകള്‍
ഇറങ്ങാത്തതുകൊണ്ടാണ് യു.ഡി.എഫ് പല സ്ഥലത്തും തോറ്റതെന്ന് സതീശന്‍ പറഞ്ഞു.