'ധീരജ് കൊലക്കേസ് പ്രതി യു.ഡി.എഫ് പ്രചാരകനാകുന്നത് ന്യായീകരിക്കുന്ന ചാണ്ടി ഉമ്മന്‍, പുതുപ്പള്ളി മറുപടി തരും'
Kerala News
'ധീരജ് കൊലക്കേസ് പ്രതി യു.ഡി.എഫ് പ്രചാരകനാകുന്നത് ന്യായീകരിക്കുന്ന ചാണ്ടി ഉമ്മന്‍, പുതുപ്പള്ളി മറുപടി തരും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st August 2023, 6:43 pm

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെപ്പില്‍ യു.ഡി.എഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ. കൊലയാളിയെ വിശുദ്ധനാക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നല്‍കുമെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

‘പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണ്,’ ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

നിഖില്‍ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിന് വേണ്ടി കൊണ്ടുനടക്കുന്ന യു.ഡിഎ.ഫിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം. യു.ഡ.എഫ് സ്ഥാനാര്‍ത്ഥി പോലും നിഖില്‍ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായി.

കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയില്‍ പ്രചാരണം നടത്തുന്നതില്‍ എന്ത് ധാര്‍മികതയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കെ.സുധാകരന്‍ തന്നെ നിഖില്‍ പൈലിയെ ന്യായീകരിച്ചു മുന്നോട്ട് വന്നത് നാം കണ്ടതാണ്.

കൊലപാതകികള്‍ക്ക് സംരക്ഷണവും ഒത്താശയും ചെയ്തുകൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂര്‍ കൊലപാതകത്തിലും പ്രകടമാണ്. പുതുപ്പള്ളിയില്‍ യു.ഡി.എഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി.വസീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ ബാബു, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.സുരേഷ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 Content Highlight: DYFI wants candidate Chandy Oommen to respond on the issue of controlling Nikhil Paili, the accused in the murder case.