Kerala News
കൊവിഡ് 19ന്റെ രണ്ടാം തരംഗം; എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 18, 04:48 am
Sunday, 18th April 2021, 10:18 am

തിരുവനന്തപുരം: കൊവിഡ് 19ന്റെ രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുക, കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുക തുടങ്ങി എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

മഹാമാരിയെ ചെറത്തുതോല്‍പ്പിക്കുവാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാന്‍ യുവജനങ്ങളാകെയും സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വ്യാപൃതരാകണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പടുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി മാറിയ കേരളത്തിന് ഇനിയും ശക്തമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ആശുപത്രി സംവിധാനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും ജനങ്ങളുടെ ജാഗ്രതയുടേയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മാസ്‌ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ട്. രാജ്യമെമ്പാടും കൊവിഡ് നിയന്ത്രണാതീതമായി പടരുമ്പോഴും കേരളം തീര്‍ക്കുന്ന പ്രതിരോധത്തിന് ശക്തി പകരാന്‍ ജനങ്ങളുടെയാകെ സഹായ സഹകരണങ്ങളും ആവശ്യമാണെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: DYFI going to corporate for covid work