പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വര്‍ഗീയ അജണ്ടയുടെ പ്രകടിതരൂപം: ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വര്‍ഗീയ അജണ്ടയുടെ പ്രകടിതരൂപമാണെന്ന് ഡി.വൈ.എഫ്.ഐ.
കുഞ്ഞു മനസുകളില്‍ പോലും അന്യമതവിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്ന വര്‍ഗീയ സംഘടകളുടെ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ആലപ്പുഴയില്‍ വച്ച് നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ ഒരു കൊച്ചു ബാലന്‍ വിളിക്കുന്ന കൊലവിളി മുദ്രാവാക്യമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ മതേതര അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതാണ് മുദ്രാവാക്യത്തിലെ വരികള്‍. ഇതരമതസ്ഥര്‍ക്കെതിരെ കൊലവിളി മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ ഒരു ബാലന്റെ മനസില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടുവെന്നത് ഏറെ ഗൗരവകരമാണ്. ഇന്നലെ ആ കുട്ടിയില്‍ നിന്ന് മുഴക്കപ്പെട്ട മുദ്രാവാക്യം ഇതര മതവിശ്വാസികള്‍ക്ക് നേരെ വധഭീഷണി മുഴക്കി കൊണ്ടുള്ളതാണ്. ഇത്തരം പ്രകോപനങ്ങളിലൂടെ പരസ്പരം വളം നല്‍കുകയാണ് വിവിധ മതവര്‍ഗീയ സംഘടനകളെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച് വളര്‍ച്ചയ്ക്കുള്ള ഇടം കണ്ടെത്താനുള്ള പോപ്പുലര്‍ ഫ്രണ്ട് അജണ്ടയുടെ ഭാഗമാണ് ഇത്തരം വിഷലിപ്തമായ മുദ്രാവാക്യങ്ങള്‍. സ്നേഹവും അനുകമ്പയും സമാധാനപരമായ സഹവര്‍ത്തിത്വവും പഠിക്കേണ്ട കൊച്ചു പ്രായത്തില്‍ അപര വിദ്വേഷം പഠിച്ചുവച്ച കുഞ്ഞുങ്ങള്‍ ഇത്തരം വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടെ പാഠശാലയിലെ ഉല്‍പ്പന്നങ്ങളാണ്.
മതേതര കേരളത്തിന്റെ പൊതുസമൂഹം ഏറെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട വിഷയമാണ് ഇത്. കേരളത്തിന്റെ മതേതര ഐക്യത്തെ തകര്‍ത്തു കൊണ്ടല്ലാതെ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വളരില്ലെന്നത് ഹിന്ദുത്വ- ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ തിരിച്ചറിവാണ്. ആ ഐക്യം തകര്‍ക്കാന്‍ ഒരുമ്പെട്ടുകൊണ്ടുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കുരുന്ന് മനസില്‍ വിദ്വേഷം കുത്തിവെക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞത്.
‘പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആ കൊച്ച് കുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയാവില്ല. അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാവും. കുരുന്ന് മനസില്‍ വിദ്വേഷം കുത്തിവെക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണ്.
ഒരു കുരുന്ന് അങ്ങനെ വിളിക്കുമ്പോള്‍ തടയുന്നതിന് പകരം ഏറ്റ് പാടി ആഘോഷിച്ച് നടക്കുന്ന, വിഭാഗീയതയില്‍ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. വര്‍ഗീയത വിനാശമാണ്. വര്‍ഗീയവാദികള്‍ പരസ്പരം വളരാന്‍ എക്കാലത്തും പ്രചോദനം കൊടുത്ത് കൊണ്ടേയിരിക്കും.
ആ കുഞ്ഞിനെ കൊണ്ട് ഇത് പറയിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണം,’ ഷാഫി പറമ്പില്‍ പറഞ്ഞു.
CONMTENT HIGHLIGHTS: DYFI claims that the killing slogan at the Popular Front conference is an expression of the communal agenda
to divide secular Kerala