ഡച്ചിന് മുന്നില്‍ ചിലിയുടെ ചിരി നിലച്ചു: സ്‌പെയിനിന് ആശ്വാസ ജയം
Daily News
ഡച്ചിന് മുന്നില്‍ ചിലിയുടെ ചിരി നിലച്ചു: സ്‌പെയിനിന് ആശ്വാസ ജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th June 2014, 1:04 am

dutch 2സാവോപോള: പകരക്കാരുടെ ഗോളുകളില്‍ പൊരുതിക്കളിച്ച ചിലിയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയില്‍ നിന്നും ചാമ്പ്യന്മാരായി ഹോളണ്ട് പ്രീക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം. തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ചിലിയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌പെയിന്‍ തോല്‍പ്പിച്ചു.

ഡേവിഡ് വിയ്യ, ഫെര്‍ണാണ്ടോ ടോറസ്, ജുവാന്‍ മാത്ത എന്നിവരാണ് സ്‌പെയിനിനായി വല ചലിപ്പിച്ചത്. സ്‌പെയിനും ഓസ്‌ട്രേലിയയും ആദ്യമേ ഗ്രൂപ്പില്‍ നിന്ന് പുറത്തായിരുന്നു. ചിലിക്കെതിരെ ഗോള്‍ ഒഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാന പതിമൂന്ന് മിനിറ്റിലായിരുന്നു രണ്ട് ഗോളുകള്‍ നേടി ഡച്ചുകാര്‍ മത്സരം സ്വന്തമാക്കിയത്. പകരക്കാരായി ഇറങ്ങിയ ലിറോയ് ഫെര്‍, മെഫിംസ് ഡിപെ എന്നിവരാണ് ഡച്ചിന് വേണ്ടി ചിലിയന്‍ വല കുലുക്കിയത്. 

77, 90 മിനിറ്റുകളിലായിരുന്നു ഹോളണ്ടുകാരുടെ ഗോളുകള്‍. രണ്ട മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ റോബിന്‍ വാന്‍പേഴ്‌സിയെ കൂടാതെയാണ് ഹോളണ്ട് കളത്തിലിറങ്ങിയത്. നായകന് പകരം ജെറമിയന്‍ ലെന്‍സായിരുന്നു മുന്‍ നിരയില്‍ റോബന് കൂട്ട്. വാന്‍പേഴ്‌സിയുടെ അഭാവം ഓറഞ്ച് പടയുടെ പ്രകടനത്തെ ബാധിച്ചെന്ന് തോന്നുന്ന തരത്തിലായിരുന്നു ആദ്യ പകുതിയിലെ പ്രകടനം. റോബിന്‍ ഇടക്ക് നല്ല ചില നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും ആദ്യ പകുതിയില്‍ മികച്ചു നിന്നത് ചിലിയായിരുന്നു. 

പന്ത് കൂടുതല്‍ സമയം കൈവശം വച്ചതും നല്ല മുന്നേററങ്ങള്‍ നടത്തിയതും ചിലിയായിരുന്നു. സ്റ്റാര്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസായിരുന്നു ആദ്യ പകുതിയിലെ താരം. എന്നാല്‍ ആദ്യ പകുതിയിലെ സുന്ദരമായ മുഹൂര്‍ത്തം മുപ്പത്തൊമ്പതാം മിനിറ്റില്‍ റോബന്‍ നടത്തിയ മുന്നേറ്റമായിരുന്നു. സ്വന്തം പകുതിയില്‍ നിന്ന് ലഭിച്ച പന്തുമായി ഒറ്റക്കു മുന്നേറിയ റോബന്‍ സ്വതസിദ്ധമായ വേഗത കൊണ്ടും ഡ്രിബ്ലിംഗ് പാടവം കൊണ്ടും നിരവധി ചിലിയന്‍ പ്രതിരോധനിര താരങ്ങളെ മറികടന്ന് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിനാണ് ഗോള്‍ പോസ്റ്റിന് പുറത്തായത്. 

ഗോളാവുകയായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായി മാറിയേനെ അത്. രണ്ടാം പകുതിയില്‍ കോച്ച വാന്‍ഗാല്‍ നടത്തിയ രണ്ട് മാറ്റങ്ങള്‍ ഹോളണ്ടിന് ഗുണകരമായി. അറുപത്തിയൊമ്പതാം മിനിറ്റില്‍ ലെന്‍സിന് പകരം മെംഫിസും എഴുപത്തിയഞ്ചാം മിനിട്ടില്‍ സ്‌നൈഡര്‍ക്കു പകരം ഫെറും കളത്തിലിറങ്ങി. ഫെര്‍ ഇറങ്ങി തൊട്ടു പിന്നാലെ ഗോളും പിറന്നു. 

കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്തില്‍ തലവെച്ച ഡച്ച് താരത്തിന് പിഴച്ചില്ല. കളിയുടെ അവസാന നിമിഷത്തിലായിരുന്നു ഡച്ച് പടയുടെ രണ്ടാം ഗോള്‍. ഗോള്‍ നേടിയത് മെംഫിസാണെങ്കിലും ഗോളിന്റെ ക്രെഡിറ്റ് മുഴുവന്‍ റോബന് അവകാശപ്പെട്ടതാണ്. പന്തുമായി ചിലിയന്‍ പെനാല്‍റ്റി ബോക്‌സില്‍ കടന്ന റോബന്റെ ക്രോസിന് കാല്‍വെക്കേണ്ട ദൗത്യമേ മെംഫിസിനുണ്ടായിരുന്നുള്ളു.