മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രത്തില്‍ ആ ടാഗ് ഉണ്ടെന്നതുകൊണ്ടു മാത്രം നിരവധി വിമര്‍ശനങ്ങളാണ് ദുല്‍ഖര്‍ കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.
ആദ്യ സിനിമകള്‍ക്ക് ശേഷം തനിക്ക് എന്‍.ആര്‍.ഐ ടാഗ് വന്നെന്നും എന്നാല്‍ തനിക്ക് ഇഷ്ടമല്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. എങ്ങനെ തനിക്ക് ആ ടാഗ് വന്നതെന്ന് അറിയില്ലെന്നും എന്നാല്‍ അത്തരം ഒരു ടാഗ് വേണമെന്ന് തനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘എന്റെ ആദ്യ മൂന്നു ചിത്രങ്ങള്‍ എടുത്ത് നോക്കിയാല്‍, സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍, തീവ്രം എന്നെ മൂന്ന് ചിത്രങ്ങളും മൂന്ന് ടൈപ്പ് സിനിമകളാണ്. മൂന്നുതരം കഥാപാത്രങ്ങളാണ്. അത് കഴിഞ്ഞ് ചെയ്തത് എ.ബി.സി.ഡിയും.
നീലാകാശത്തില്‍ എന്‍.ആര്‍.ഐ ഭാഷയോ ഫീലോ ഒന്നുമില്ലായിരുന്നു. പക്ഷേ, ബാക്ക് സ്റ്റോറിയില്‍ ഞാന്‍ ദുബായിലാണ് വളര്‍ന്നത് എന്നൊരു സൂചനയുണ്ട്. ഈ അഞ്ചാറു പടങ്ങളില്‍ മൊത്തം എനിക്കൊരു എന്‍.ആര്‍.ഐ ടാഗ് വന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്കത് ഇഷ്ടപ്പെട്ടില്ല. അങ്ങനെ വിളിക്കുന്നതും ഇഷ്ടമല്ല. ഞാന്‍ അതില്‍ മാത്രമേ നന്നായി പെര്‍ഫോം ചെയ്യൂ എന്നൊരു ടാഗ് വേണം എന്നില്ലായിരുന്നു
ഉസ്താദ് ഹോട്ടല്‍ കണ്‍സീവ് ചെയ്യുമ്പോള്‍ ആ പടത്തില്‍ ഞാനുണ്ടായിരുന്നില്ല. ഞാന്‍ സിനിമയില്‍ വരാന്‍പോലും പ്ലാന്‍ ഇട്ടിട്ടില്ല. അതിന് മുമ്പ് ആ ചിത്രമുണ്ട്. എ.ബി.സി.ഡി പിന്നെ അങ്ങനെയുള്ള ഒരു ഐഡിയയാണ്.
നീലാകാശത്തില്‍ എങ്ങനെവന്നുവെന്ന് എനിക്കറിയില്ല. ഞാനിപ്പോള്‍ ദല്‍ഹിയിലാണ് വളര്‍ന്നത് എന്നുപറഞ്ഞാലും ആ ഫീല്‍ (എന്‍.ആര്‍.ഐ) വര്‍ക്ക് ചെയ്യും. ടിപ്പിക്കലി ഒരു പ്രവാസി മലയാളി കമ്യൂണിറ്റി ദുബായിലുണ്ട് എന്നതു വെച്ചിട്ടാകാം അങ്ങനെയൊരു സൂചന വന്നത്. ആ ടാഗ് അല്ലാതെ എനിക്ക് പിന്നെ ചോക്ലേറ്റ് ബോയ് ടാഗ് കൂടി വന്നിരുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content highlight: Dulquer Salman talks about his NRI tag