യാത്രകളെ ഇഷ്ടപ്പെടുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓരോ ചിത്രത്തിന്റെ ഇടവേളകളിലും അദ്ദേഹം മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ പത്താം വിവാഹവാര്‍ഷികത്തില്‍ രാജസ്ഥാനിലെ പൈതൃകകേന്ദ്രങ്ങളില്‍ ഭാര്യ അമാലുമായി യാത്ര ചെയ്ത വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ രാജസ്ഥാനിലെ തന്നെ കടുവ സംരക്ഷണകേന്ദ്രമായ രത്തംബോര്‍ ദേശീയോദ്യാനം സന്ദര്‍ശിക്കുന്ന വീഡിയോ ആണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഭാര്യ അമാലും ഈ വീഡിയോയിലുണ്ട്. സവായ് മധോപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ രത്തംബോറിന്റെ വന്യതയും അവിടുത്തെ മൃഗങ്ങളേയും മനോഹരമായി തന്നെ ദുല്‍ഖര്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
‘കുര്‍ഗറിലേക്ക് പ്രവേശിക്കുന്നത് ലയണ്‍ കിംഗിലേക്ക് എത്തുന്നതുപോലെയാണങ്കില്‍, രത്തംബോറിലേക്ക് പ്രവേശിക്കുന്നത് ജംഗിള്‍ബുക്കിലേക്ക് എത്തുന്നതുപോലെയാണ്’ എന്നാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.
ആഫ്രിക്കയിലെ മൃഗസംരക്ഷണ കേന്ദ്രമാണ് കുര്‍ഗര്‍ ദേശീയോദ്യാനം.
‘കുറുപ്പ്’ ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷമുള്ള തമിഴ്‌സിനിമ ‘ഹേ സിനാമിക’, റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സല്യൂട്ട്’ എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങള്‍.
ഫെബ്രുവരി 25 നാണ് ഹേ സിനാമികയുടെ റിലീസ്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ളിക്സിലും ഊട്ടിലും റിലീസ് ചെയ്യും. അദിതി റാവോയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.
വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക.
അതേസമയം ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് സല്യൂട്ടിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്.
Content Highlight: dulquer salman post a video of rathambore national park