സ്‌റ്റെപ്പ് തെറ്റിച്ച് ദുല്‍ഖര്‍, എഡിറ്റ് ചെയ്ത് മാറ്റി ബ്രിന്ദ മാസ്റ്റര്‍; വീഡിയോ
Film News
സ്‌റ്റെപ്പ് തെറ്റിച്ച് ദുല്‍ഖര്‍, എഡിറ്റ് ചെയ്ത് മാറ്റി ബ്രിന്ദ മാസ്റ്റര്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th January 2022, 5:30 pm

ഓ.കെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ഹേ സിനാമിക. കാജല്‍ ആഗര്‍വാളും അദിതി റാവോവും നായികമാരായെത്തുന്ന സിനിമയിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുട്യൂബില്‍ മൂന്ന് ദിവസം കൊണ്ട് മൂന്ന് മില്യണ്‍ കടന്നിരിക്കുകയാണ് ഗാനം.

ദുല്‍ഖര്‍ തന്നെയാണ് പാട്ട് പാടിയതും. സ്റ്റൈലിഷ് ലുക്കില്‍ ഹൈ എനര്‍ജിയിലായിരുന്നു ദുല്‍ഖര്‍ എത്തിയത്. പാട്ടിന്റെ ചിത്രീകരണത്തിന് മുന്നോടിയായി നടന്ന റിഹേഴ്‌സലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.

എന്റെ തെറ്റുകള്‍ മറച്ചുവെച്ചുകൊണ്ട് ഭംഗിയായി എഡിറ്റ് ചെയ്തതിന് ബ്രിന്ദ മാസ്റ്റര്‍ക്ക് നന്ദി. സ്റ്റെപ്പുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ഗജിനി ആയി പോവുകയാണ്,’ വിഡിയോ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

ചിത്രം സംവിധാനം ചെയ്യുന്നത് കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദാ ഗോപാലാണ്. ഫെബ്രുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ളിക്‌സിലും ഊട്ടിലും റിലീസ് ചെയ്യും.

‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ്സിനിമ കൂടിയാണ് ഹേ സിനാമിക. ദുല്‍ഖര്‍ ആദ്യമായി തമിഴ്‌സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഓ.കെ കണ്‍മണിയിലെ ഗാനത്തിന്റെ പേര് തന്നെയാണ് പുതിയ സിനിമക്കും.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.

സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കോമാളി ആയിരുന്നു കാജല്‍ അഗര്‍വാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dulquer salman shares a video of achamillai rehearsal