മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യം ചിത്രത്തില്‍ ആ ടാഗ് ഉണ്ടെന്നതുകൊണ്ടു മാത്രം നിരവധി വിമര്‍ശനങ്ങളാണ് ദുല്‍ഖര്‍ കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കൊത്തയാണ് ദുല്‍ഖറിന്റെ അവസാനമിറങ്ങിയ മലയാള ചിത്രം. കൊത്തക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം ഉടന്‍ തന്നെ മലയാള സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പറയുകയാണ്.
അടുത്തതായി താന്‍ മലയാളത്തില്‍ ചെയ്യാന്‍ പോകുന്ന രണ്ട് സിനിമകളുടെ സംവിധായകരില്‍ ഒരാള്‍ സൗബിന്‍ ഷാഹിര്‍ ആണെന്നും മറ്റൊന്ന് ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നിഹാസ് ഹിദായത്തിന്റെ കൂടെയുമാണെന്ന് അദ്ദേഹം പറയുന്നു. കൂടുതല്‍ മലയാള സിനിമകളുടെ ഡിസ്‌കഷന്‍ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ നിന്ന് മനഃപൂര്‍വം മാറി നില്‍ക്കുന്നതല്ലെന്നും മലയാളികള്‍ക്ക് വേണ്ടി സിനിമ ചെയ്തില്ലെങ്കില്‍ അത് തന്റെ കരിയറിനോട് താന്‍ കാണിക്കുന്ന നന്ദികേടാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറിന്റെ റിലീസിന് മുന്നോടിയായി നടത്തിയ ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇനി എന്തായാലും ഉടനെ തന്നെ മലയാളത്തിലേക്ക് ഉണ്ടാകും. അടുത്ത് തന്നെ മലയാള സിനിമ ഉണ്ടാകും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രണ്ട് സംവിധായകരുടെ കൂടെയാണ് എന്റെ അടുത്ത മലയാള സിനിമകള്‍. മലയാളത്തിലെ എന്റെ അടുത്ത പടം ഞാന്‍ ഇപ്പോള്‍ കണ്‍ഫോം ചെയ്യുകയാണ്.
സൗബിന്റെ കൂടെ ചെയ്യുന്ന സിനിമയാണ് ഞാന്‍ ഇപ്പോള്‍ കണ്‍ഫോം ചെയ്യുന്നത്. അടുത്ത സിനിമ നഹാസ് ഹിദായത്തിന്റെ കൂടെയാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് നഹാസ്. നമ്മുടെ നാടിനെ ഒരുപാട് ആഘോഷിക്കുന്ന സിനിമകളാണ് അദ്ദേഹത്തിന്റേത്. ഇതല്ലാതെ വേറെയും മലയാള സിനിമയുടെ ഡിസ്‌കഷന്‍ നടക്കുന്നുണ്ട്.
മലയാളത്തില്‍ നിന്നും ഞാന്‍ മനഃപൂര്‍വം മാറി നില്‍ക്കുന്നതല്ല. എന്റെ നാട്, എന്റെ വീട്, എന്റെ ആളുകള്‍, എന്റെ സഹോദരീ സഹോദരന്മാര്‍, എന്റെ അച്ഛനമ്മമാര്‍, എല്ലാവരുമാണ് നിങ്ങള്‍. നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്തില്ലെങ്കില്‍ ഞാന്‍ എന്റെ കരിയറിനോട് ചെയ്യുന്നൊരു നന്ദികേടായിരിക്കും,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content Highlight: Dulquer Salmaan Talks Anpout His New Films In Malayalam