പ്രതീക്ഷിച്ചതിനുമപ്പുറം പ്രേക്ഷകര്‍ തന്നു, സീതാ രാമം എന്റെ ഡി.ഡി.എല്‍.ജെ: ദുല്‍ഖര്‍ സല്‍മാന്‍
Film News
പ്രതീക്ഷിച്ചതിനുമപ്പുറം പ്രേക്ഷകര്‍ തന്നു, സീതാ രാമം എന്റെ ഡി.ഡി.എല്‍.ജെ: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd August 2023, 11:13 am

റൊമാന്റിക് ഹീറോ ടാഗില്‍ നിന്നും പുറത്തുകടക്കാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും അത് തന്റെ പിന്നാലെ കൂടിയിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. സീതാ രാമം ആ ടാഗിനെ പ്രതീക്ഷിച്ചതിനുമപ്പുറം കൊണ്ടുപോയെന്നും ദുല്‍ഖര്‍ പറഞ്ഞു.

സീതാ രാമം തന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ ആണെന്നും താരം പറഞ്ഞു. ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്ന തന്റെ പുതിയ വെബ് സീരീസിന്റെ ഭാഗമായി നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘റൊമാന്റിക് ഹീറോ ടാഗില്‍ നിന്നും പുറത്തുകടക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും അത് എന്റെ പിന്നാലെ തന്നെയാണ്. സീതാ രാമം ആ ടാഗിനെ ഞാന്‍ ചിന്തിച്ചതിലും അപ്പുറം കൊണ്ടുപോയി. ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമപ്പുറത്തുനിന്നും ലഭിച്ച സ്‌നേഹം അവിശ്വസനീയമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്.

തൊണ്ണൂറുകള്‍ മുതല്‍ നമ്മളെല്ലാവരും ഷാരൂഖ് സാറിന്റെ വലിയ ആരാധകരാണ്. സീതാ രാമമാണ് എന്റെ ഡി.ഡി.എല്‍.ജെ (ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ ) എന്ന് തോന്നുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

ഹനു രാഘവപ്പുടി സംവിധാനം ചെയ്ത സീതാ രാമം 2022ല്‍ ബിഗ്ഗസ്റ്റ് ഇന്ത്യന്‍ ഹിറ്റുകളിലൊന്നായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് രാജ്യത്തെമ്പാടുനിന്നും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ബോളിവുഡ് താരം മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ നായികയായത്. മൃണാള്‍-ദുല്‍ഖര്‍ കോമ്പോയും വലിയ ജനപ്രീതി നേടി.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാ രാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

അതേസമയം ഓഗസ്റ്റ് 18നാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

അര്‍ജുന്‍ വര്‍മ എന്ന പൊലീസുകാരനെയാണ് ദുല്‍ഖര്‍ സീരീസില്‍ അവതരിപ്പിക്കുന്നത്. വെബ് സീരീസിലേക്കുള്ള ദുല്‍ഖറിന്റെ അരങ്ങേറ്റം കൂടിയാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയാണ് സംവിധാനം ചെയ്യുന്നത്. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

Content Highlight: dulquer salmaan says sita ramam is his ddlj