ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യാന്‍ കഴിയുന്ന കഥയാണ് ആ സിനിമയുടേത്, ഒരുപാട് എക്‌സൈറ്റ്‌മെന്റുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
Entertainment
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യാന്‍ കഴിയുന്ന കഥയാണ് ആ സിനിമയുടേത്, ഒരുപാട് എക്‌സൈറ്റ്‌മെന്റുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd October 2024, 8:27 pm

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ ഉണ്ടാക്കിയെടുത്ത ഇംപാക്ട് ചെറുതല്ല. മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ക്രൗഡ്പുള്ളറായ ദുല്‍ഖര്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

നെഗറ്റീവ് റിപ്പോര്‍ട്ട് വന്ന കിങ് ഓഫ് കൊത്ത കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ഫസ്റ്റ് ഡേ കളക്ഷന്‍ വളരെ വലുതാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ദുല്‍ഖറിന്റേതായി ഒരു മലയാളസിനിമ പോലും പുറത്തിറങ്ങിയിട്ടില്ല. ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം താന്‍ ചെയ്യുന്ന പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ എന്ന ചിത്രമാണ് തന്റെ അടുത്ത പ്രൊജക്ടെന്നും തമിഴിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. താന്‍ ഈയടുത്ത് ചെയ്ത സിനിമകള്‍ പോലെ കാന്തയും പീരിയഡ് ചിത്രമാണെന്നും 40 ശതമാനത്തോളം ഷൂട്ട് പൂര്‍ത്തിയായെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ലക്കി ഭാസ്‌കറിന്റെ റിലീസിന് ശേഷം കാന്തയുടെ ബാക്കി ഭാഗം ഷൂട്ട് ചെയ്യുമെന്നും ആ പ്രൊജക്ടില്‍ താന്‍ വളരെയധികം എക്‌സൈറ്റഡാണെന്നും ദുല്‍ഖര്‍ പറഞ്ഞു. സെല്‍വമണി ഈ സിനിമയുടെ കഥ പറയാന്‍ വന്നപ്പോള്‍ തന്നെ അത് ചെയ്യാന്‍ തീരുമാനിച്ചെന്നും വണ്‍സ് ഇന്‍ എ ലൈഫ് എന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രൊജക്ടാണ് ഇതെന്നും ദുല്‍ഖര്‍ പറഞ്ഞു. റാണയുമൊത്തുള്ള ഷൂട്ട് താന്‍ ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രേറ്റ് ആന്ധ്രയോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന എന്റെ സിനിമയാണ് ലക്കി ഭാസ്‌കര്‍. അടുത്ത പ്രൊജക്ട് ഏതാണ്, ഏത് ഭാഷയിലാണ് എന്നൊക്കെ ചോദ്യങ്ങള്‍ വരുന്നുണ്ട്. എന്റെ അടുത്ത പ്രൊജക്ട് തമിഴിലാണ്. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയാകും എന്റെ അടുത്ത റിലീസ്. അതും ഒരു പീരിയഡ് ചിത്രമാണ്. ഈയടുത്ത് ഞാന്‍ ചെയ്യുന്ന സിനിമകളിലെ മറ്റൊരു പീരിയഡ് ചിത്രമാണ് അത്. 40 ശതമാനം ഷൂട്ട് പൂര്‍ത്തിയായിട്ടുണ്ട്.

ലക്കി ഭാസ്‌കറിന്റെ റിലീസിന് ശേഷം ബാക്കി ഷൂട്ടിലേക്ക് കടക്കും. എന്നെ വല്ലാതെ എക്‌സൈറ്റ് ചെയ്യിച്ച സിനിമയാണത്. വണ്‍സ് ഇന്‍ എ ലൈഫ്‌ടൈം എന്നൊക്കെ പറയാന്‍ പറ്റുന്ന പ്രൊജക്ടാണ് കാന്ത. സെല്‍വമണി എന്നോട് ഈ കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അത്യാവശ്യം വലിയ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണിത്. റാണാ ദഗ്ഗുബട്ടി പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ ഇതിലുണ്ട്. വളരെയധികം എന്‍ജോയ് ചെയ്യുന്ന പ്രൊജക്ടാണത്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan saying his new movie Kaantha is once in a lifetime project