ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് നവംബറില്‍ റിലീസിനെന്ന് സൂചന. ചിത്രം ഒ.ടി.ടി റിലീസാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ ഒക്ടോബര്‍ 25ന് തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ തിയേറ്ററിക്കല്‍ റിലീസ് തന്നെയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനും ശ്രീനാഥായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 35കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് കുറുപ്പ്.
കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനായി എന്‍.എഫ്.ടി ഫോര്‍മാറ്റിലും ചിത്രം പുറത്തിറക്കുന്നുണ്ട്.
ബ്ലോക്ക് ചെയിന്‍ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍.എഫ്.ടി. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റല്‍ മൂല്യമുള്ള കലാവസ്തു ഉടമസ്ഥന്റെ മാത്രമായിരിക്കും. അതിനാല്‍ തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമാണ്.
ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റല്‍ ഫയലുകളെ എന്‍.എഫ്. ടോക്കണുകള്‍ ആക്കിമാറ്റാന്‍ സാധിക്കും.
ഈ രീതിയില്‍ ബ്ലോക്ക് ചെയിനില്‍ സൂക്ഷിക്കുന്ന കലാസൃഷ്ടി എന്‍.എഫ്.ടോക്കണുകള്‍ വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കുകയും മറ്റാര്‍ക്കും തന്നെ കലാസൃഷ്ടിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുകയുമില്ല.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിനി വിശ്വലാലാണ് ക്രീയേറ്റീവ് ഡയറക്ടറാണ്. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.