Sports News
സര്‍ഫറാസിന്റെ സന്തോഷവും ആവേശവും പറയും ആ ഇന്നിങ്‌സിന്റെ വില; ഇന്ത്യയുടെ ഭാവി ഈ കൈകളില്‍ സുരക്ഷിതമാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 05, 01:08 pm
Thursday, 5th September 2024, 6:38 pm

2024 ദുലീപ് ട്രോഫിയിലെ ആദ്യ സെഞ്ച്വറിയുമായി ഇന്ത്യ ബി-യുടെ മുംബൈ താരം മുഷീര്‍ ഖാന്‍. ഇന്ത്യ എ-യ്‌ക്കെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് മുഷീര്‍ ഖാന്‍ സെഞ്ച്വറി നേടിയത്.

ക്യാപ്റ്റനടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം തന്നെ നിരാശപ്പെടുത്തിയ മത്സരത്തിലാണ് മുഷീര്‍ ടീമിന്റെ നെടുംതൂണായത്. റിഷബ് പന്തും ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും സഹോദരന്‍ സര്‍ഫറാസ് ഖാനുമെല്ലാം താളം കണ്ടെത്താന്‍ പാടുപെട്ട പിച്ചില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കേണ്ട ഉത്തരവാദിത്തം മുഷീര്‍ ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു.

ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 227 പന്തില്‍ 105 റണ്‍സുമായാണ് മുഷീര്‍ ക്രീസില്‍ തുടരുന്നത്. പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമാണ് താരം സ്‌കോര്‍ ചെയ്തത്.

നേരിട്ട 205ാം പന്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരെ സിംഗിള്‍ നേടിക്കൊണ്ടാണ് മുഷീര്‍ നൂറ് റണ്‍സ് പൂര്‍ത്തിയാക്കിയത്. സെഞ്ച്വറി തികച്ചതിന് പിന്നാലെ അത്യധികം ആവേശത്തോടെയാണ് താരം സെലിബ്രേറ്റ് ചെയ്തത്.

എന്നാല്‍ മുഷീറിനേക്കാളേറെ ആവേശത്തില്‍ ആ സെഞ്ച്വറി നേട്ടം ആഘോഷിച്ച മറ്റൊരാള്‍ ചിന്നസ്വാമിയിലുണ്ടായിരുന്നു. മുഷീറിന്റെ ജ്യേഷ്ഠന്‍ സര്‍ഫറാസ് ഖാന്‍. കൈകള്‍ മുകളിലേക്കുയര്‍ത്തി ആര്‍ത്തുവിളിച്ചും അഭിനന്ദിച്ച് കയ്യടിച്ചുമാണ് സര്‍ഫറാസ് സഹോദരന്റെ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്.

മുഷീറിന്റെ കരുത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 202ന് ഏഴ് എന്ന നിലയിലാണ് ഇന്ത്യ ബി. 74 പന്ത് നേരിട്ട് 34 റണ്‍സുമായി മുഷീറിന് പിന്തുണയുമായി നവ്ദീപ് സെയ്‌നിയാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ എ ടീം നായകന്‍ ശുഭ്മന്‍ ഗില്‍ അഭിമന്യു ഈശ്വരനെയും സംഘത്തെയും ബാറ്റിങ്ങിനയച്ചു. യശസ്വി ജെയ്സ്വാളിനൊപ്പം ഇന്നിങ്സ് ആരംഭിച്ച ഈശ്വരന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ പുറത്തായി. 42 പന്ത് നേരിട്ട് വെറും 13 റണ്‍സ് നേടിയാണ് ഈശ്വരന്‍ മടങ്ങിയത്.

വണ്‍ ഡൗണായി മുഷീറാണ് ക്രീസിലെത്തിയത്. ജെയ്സ്വാളിനൊപ്പം ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും കളം വിട്ടു. 59 പന്തില്‍ 30 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്തായത്.

നാലാം നമ്പറില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര താരങ്ങളില്‍ ഒരാളും മുഷീറിന്റെ സഹോദരനുമായ സര്‍ഫറാസ് ഖാനാണ് ക്രീസിലെത്തിയത്. എന്നാല്‍ സര്‍ഫറാസിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. 35 പന്ത് നേരിട്ട് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സര്‍ഫറാസ് മടങ്ങിയത്.

റിഷബ് പന്ത് പത്ത് പന്തില്‍ ഏഴ് റണ്ണിന് പുറത്തായപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. 13 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് സുന്ദര്‍ മടങ്ങിയത്. 15 പന്തില്‍ ഒരു റണ്ണുമായി രവിശ്രീനിവാസന്‍ സായ് കിഷോറും പവലിയനിലേക്ക് തിരിച്ചുനടന്നു.

ആദ്യ ദിവസം ആകാശ് ദീപ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ ഇന്ത്യ എ-യ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി.

ഇന്ത്യ എ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.

ഇന്ത്യ ബി പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), മുഷീര്‍ ഖാന്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, നവ്ദീപ് സെയ്നി, മുകേഷ് കുമാര്‍, യാഷ് ദയാല്‍.

 

Content highlight: Duleep trophy: India A vs India B: Musheer Khan scored century