സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റില്‍ ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെടുന്നു; വെളിപ്പെടുത്തലുമായി ഡു പ്ലെസിസ്
Sports News
സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റില്‍ ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെടുന്നു; വെളിപ്പെടുത്തലുമായി ഡു പ്ലെസിസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th December 2023, 5:14 pm

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-ട്വന്റിയില്‍ സമനിലയും ഏകദിനത്തില്‍ പരമ്പര വിജയവുമായി ഇന്ത്യ മുന്നേറുകയാണ്. എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഏറെ നിര്‍ണായകമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം. കാരണം സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യക്ക് ഒരു ടെസ്റ്റ് പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍ മാര്‍ക്ക് ഏറെ വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ വിശദീകരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്.

സെഞ്ചൂറിയില്‍ നടക്കാനിരിക്കുന്ന സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആവേശകരമായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഡു. പ്ലെസിസ്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് റെയിന്‍ബോ നാഷണലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരം ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ നല്‍കിയിരുന്നു.

ശക്തമായ ടീമായിരുന്നിട്ടു പോലും ഇന്ത്യക്ക് സൗത്ത് ആഫ്രിക്കയുടെ തട്ടകത്തില്‍ അവരെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതിനു കാരണം ആഫ്രിക്കന്‍ പിച്ചുകളിലെ അധിക ബൗണ്‍സ് തന്നെയാണ് ഡു പ്ലെസിസ് പറഞ്ഞു.

‘ബൗണ്‍സ് ഒരു പ്രധാന ഘടകമാണ്. ഇവിടെയുള്ള അധിക ബൗണ്‍സ് ഇന്ത്യയില്‍ അവര്‍ നേരിടുന്നതിനേക്കാള്‍ ഒരു കൈ കൂടുതലാണ്. ഇന്ത്യയില്‍ ആണെങ്കില്‍ അവര്‍ക്കത് ഉയര്‍ത്തിയടിക്കാം, ഇവിടെ ഉയര്‍ന്ന ബൗണ്‍സ് ആണെങ്കില്‍ അത് ലേറ്റ് മൂവ്‌മെന്റ് ആയി മാറും. നിങ്ങള്‍ക്ക് അത് പരിചിതം അല്ലെങ്കില്‍ അത് ഒരു റിസ്‌ക് ആയി മാറും. ഒരു പന്ത് നല്ല രീതിയില്‍ ലീവ് ചെയ്ത് ക്രീസില്‍ നില്‍ക്കുന്നത് ഏറെ ദുഷ്‌കരമാണ്,’ഫാഫ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പറഞ്ഞു.

‘2018 സീരീസില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവര്‍ അടുത്തിരുന്നു. അവര്‍ നല്ല രീതിയില്‍ പന്ത് ലീവ് ചെയ്യുന്നുണ്ടായിരുന്നു. അതുതന്നെയാണ് സൗത്ത് ആഫ്രിക്കക്കെതിരെ വിജയിക്കാനുള്ള തന്ത്രം. ക്ഷമയും സ്ഥിരതയും ഏറെ ആവശ്യമാണ് ആ ഘട്ടത്തില്‍. വിദഗ്ധമായി ലീവ് ചെയ്യുന്നത് പ്രധാനമായ വിഷയമാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സൗത്ത് ആഫ്രിക്കയെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ സ്വന്തം തട്ടകത്തിലെ വെല്ലുവിളികള്‍ ഇന്ത്യക്ക് പറഞ്ഞുകൊടുക്കുകയാണ് ഫാഫ് ഡു പ്ലെസിസ്.

Content Highlight: Du Plessis revealed the reason why India failed in the South African Test