ബെംഗളൂരു: കന്നഡ സിനിമാ മേഖലയില്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ കര്‍ണാടക സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമം നടന്നതായി കണ്ടെത്തി. സര്‍ക്കാര്‍ അംബാസിഡറക്കാന്‍ രാഗിണി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തിനായി രാഗിണി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയേയും ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനേയും കണ്ടിരുന്നു. ഇവരെ അംബാസിഡര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
കര്‍ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനും ഇവര്‍ ഇറങ്ങിയിരുന്നു. ബി.ജെ.പിയിലെ നേതാക്കളുമായി അടുത്ത ബന്ധവും രാഗിണിയ്ക്ക് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കന്നഡ സിനിമയില്‍ ഇവര്‍ക്കുണ്ടായിരുന്ന താരമൂല്യവും ഇവര്‍ ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നു.
വര്‍ഷങ്ങളായി കന്നഡ സിനിമാ രംഗത്തുള്ളവര്‍ പങ്കെടുക്കുന്ന വിരുന്നുകളില്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ രാഗിണിയും ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പര്‍ സാംബയേയും സമ്മതിച്ചിട്ടുണ്ട്.
നിംഹാന്‍സ് ആശുപത്രിയിലെ വനിതാ കേന്ദ്രത്തിലാണ് രാഗിണിയെ എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നുമായിരുന്നു രാഗിണി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
രഹസ്യമായ സൂചനാപദങ്ങളാണ് ലഹരി മരുന്ന് വിതരണത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എം.ഡി.എം.എ ഗുളികകള്‍ക്ക് പിങ്ക് പണിഷര്‍, ഉത്തേജക മരുന്നുകള്‍ക്ക് ഹലോ കിറ്റി, എനര്‍ജി ഡ്രിങ്ക് എന്നിങ്ങനെയായിരുന്നു സൂചനാ പദങ്ങള്‍.
വിദേശത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നത് ലോം പെപ്പര്‍ സാംബയാണ്. പാര്‍ട്ടികള്‍ സംഘടിപ്പിക്കാനും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മയക്കുമരുന്ന് നല്‍കാനും മറ്റൊരു സംഘവുമുണ്ടായിരുന്നു. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍, രാഹുല്‍ ഷെട്ടി എന്നിവരും പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക