ന്യൂദല്‍ഹി: ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് അറബിക്കടലില്‍ വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. കപ്പലുകളില്‍ ഡ്രോണ്‍ ഇടിക്കുകയും തുടര്‍ന്ന് തീപിടുത്തം ഉണ്ടായതുമായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോര്‍ബന്തര്‍ തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലെ എം.വി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന്റെ അടുത്തേക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐ.സി.ജി.എസ് വിക്രം നീങ്ങുകയാണെന്ന് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തിന് വിധേയമായ കപ്പലില്‍ നൈജീരിയന്‍ പതാക പതിപ്പിച്ചിട്ടുണ്ടെന്നും ഇസ്രഈലുമായി ബന്ധമുള്ള വാണിജ്യ കപ്പലാണെന്നുമാണ് നിലവിലെ വിലയിരുത്തല്‍. ആക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കപ്പലില്‍ ക്രൂഡ് ഓയിലുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതാനും ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് കപ്പലിലെ തീ അണച്ചുവെന്നും എന്നാല്‍ അത് കപ്പലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
20 ഇന്ത്യക്കാര്‍ അടക്കമുള്ള കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും സമീപത്തെ എല്ലാ കപ്പലുകള്‍ക്കും സുരക്ഷാ ഏര്‍പ്പെടുത്തണമെന്ന് ഐ.സി.ജി.എസ് വിക്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നടത്തിയെന്ന് സംശയിക്കുന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രഈലി ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പല്‍ കേടുപാടുകള്‍ സംഭവിച്ചതായി യു.എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന യെമനിലെ ഹൂത്തി വിമതര്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
Content Highlight: Drone attack on commercial ship in Arabian Sea