ദൃശ്യം 2 വിന്റെ ഷൂട്ട് തീര്‍ന്നു; ദുബായിലേക്ക് പറന്ന് മോഹന്‍ലാല്‍; തിരികെയെത്തുക ബി.ഉണ്ണികൃഷ്ണന്‍ പടത്തിലേക്ക്
കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ചിത്രീകരണം അവസാനിച്ചതോടെ മോഹന്‍ലാല്‍ ദുബായിലേക്ക് പോയി. എട്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലിന്റെ ദുബായ് യാത്ര. സുഹൃത്ത് സമീര്‍ ഹംസയും അദ്ദേഹത്തിനൊപ്പമുണ്ട്.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായിട്ടായിരിക്കും മോഹന്‍ലാല്‍ തിരികെയെത്തുക. പാലക്കാട് ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍. നവംബര്‍ പകുതിയോടെ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ആരംഭിക്കും.
ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 6 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം വെറും 46 ദിവസം കൊണ്ട് തന്നെ അവസാനിക്കുകയായിരുന്നു.
ലോക്ഡൗണ്‍ സമയത്ത് നാല് മാസത്തോളം മോഹന്‍ലാല്‍ ചെന്നൈയിലായിരുന്നു. ജൂലൈയില്‍ തിരിച്ചു നാട്ടിലെത്തി. എഷ്യാനെറ്റിന്റെ ഓണ പരിപാടിയുടെ ചിത്രീകരണ ശേഷം ദൃശ്യം 2 വിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു.
കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി നടന്നത്. സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം മുരളി ഗോപി, സായ്കുമാര്‍, ഗണേഷ് കുമാര്‍ എന്നിവരും ദൃശ്യം 2 വില്‍ അഭിനയിക്കുന്നുണ്ട്.