നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍
national news
നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd July 2021, 3:04 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍ത്തി ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ബി.ജെ.പി. അംഗങ്ങള്‍ സര്‍ക്കാരിനെതിരെ ബഹളം വെക്കുകയും ബഹളം രൂക്ഷമായതോടെ ഗവര്‍ണര്‍ തിരിച്ചുപോവുകയുമായിരുന്നു.

ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പുതിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

നേരത്തെ ജഗ്ദീപ് ദങ്കര്‍ക്കെതിരെ അഴിമതി ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു.
ജെയ്ന്‍ ഹവാല കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ദങ്കറെന്ന് മമത പറഞ്ഞിരുന്നു.

ദങ്കറിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മൂന്ന് കത്തുകള്‍ താന്‍ നല്‍കിയിരുന്നതായും മമത പറഞ്ഞു. തന്റെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷം ലഭിച്ചിട്ടും ഗവര്‍ണര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നതെന്തിനാണെന്നും മമത ചോദിച്ചിരുന്നു.

1990 കളില്‍ ചര്‍ച്ചയായ വലിയ അഴിമതികളിലൊന്നായിരുന്നു ജെയ്ന്‍ ഹവാല കേസ്. ജെയ്ന്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന നാല് ഹവാല ബ്രോക്കര്‍മാര്‍ രാജ്യത്തെ പല രാഷ്ട്രീയക്കാര്‍ക്കുമായി നൂറ് കോടിയലധികം രൂപ നല്‍കിയെന്നാണ് കേസ്.

മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിയുടെ പേരടക്കം പരാമര്‍ശിക്കപ്പെട്ട കേസാണ് ജെയ്ന്‍ ഹവാല കേസ്.

തെരഞ്ഞെടുപ്പിന് മുന്‍പും സംസ്ഥാന സര്‍ക്കാരുമായി ദങ്കര്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഒരുവേള സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുകയും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ദങ്കര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Dramatic scenes in the West Bengal Legislative Assembly