ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് എന്ന വിശേഷണവുമായി മുന്നേറുകയാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥന്‍ നായകനായെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. ഓ മൈ കടവുളേ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും പോസിറ്റീവ് റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 50 കോടിയോളം നേടിയ ചിത്രം പത്ത് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്പാത്തിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഡ്രാഗണിനൊപ്പം റിലീസ് ചെയ്ത നിലവുക്ക് എന്മേല്‍ എന്നടീ കോപം എന്ന ചിത്രത്തിനെ ബഹുദൂരം പിന്തള്ളിക്കൊണ്ടാണ് ഡ്രാഗന്റെ കുതിപ്പ്.
ടൈര്‍ 3 നടന്മാരില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന നടനായി പ്രദീപ് രംഗനാഥന്‍ മാറിയിരിക്കുകയാണ്. സംവിധായകനായി സിനിമാലോകത്തേക്കെത്തിയ പ്രദീപ് നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിലൂടെ തന്റെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ വലുതാക്കിയിരിക്കുകയാണ്. അധികം വൈകാതെ ശിവകാര്‍ത്തികേയന്‍, ധനുഷ്, വിജയ് സേതുപതി എന്നിവരുടെ കൂടെ ടൈര്‍ 2വില്‍ പ്രദീപും ഇടം പിടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച് ജീവിതത്തില്‍ സക്‌സസാകാന്‍ വേണ്ടി കുറുക്കുവഴികള്‍ ഉപയോഗിക്കുന്ന മിഡില്‍ ക്ലാസ് യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ഘട്ടത്തില്‍ തന്റെ തെറ്റുകള്‍ തിരുത്താന്‍ നായകന് രണ്ടാമതൊരു അവസരം ലഭിക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് പോകുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകനെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ സംവിധായകനായ അശ്വതിന് സാധിച്ചിട്ടുണ്ട്.
When the vibes are clear, amazing things unfold! 🔥 And just like that, with all your love pouring in, magic happens at the Box office ! 🥹❤️🐉 @pradeeponelife @Dir_Ashwath @aishkalpathi @Ags_production pic.twitter.com/QOyCx9JQL7
— Archana Kalpathi (@archanakalpathi) March 2, 2025
നേരത്തെ ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം അജിത്തിന്റെ വിടാമുയര്‍ച്ചിയുടെ റിലീസ് കാരണം മാറ്റിവെക്കുകയായിരുന്നു. വിടാമുയര്‍ച്ചിയെക്കാള്‍ ബോക്‌സ് ഓഫീസില്‍ പെര്‍ഫോം ചെയ്യാന്‍ ഡ്രാഗണ് സാധിച്ചു. പ്രദീപ് നായകനായ ആദ്യചിത്രം ലവ് ടുഡേയും 100 കോടിക്കടുത്ത് കളക്ട് ചെയ്തിരുന്നു. ടൈര്‍ 3ത്രീയില്‍ ബാക്ക് ടു ബാക്ക് 50 കോടി+ കളക്ഷന്‍ നേടുന്ന ആദ്യ നടന്‍ കൂടിയാണ് പ്രദീപ് രംഗനാഥന്‍.
അനുപമ പരമേശ്വരന്‍, കയേദു ലോഹര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സംവിധായകരായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, കെ.എസ്. രവികുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മരിയന്‍ ജോര്‍ജ്, വി.ജെ. സിദ്ധു, ഹര്‍ഷത് ഖാന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ജി.എസ്. എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ അര്‍ച്ചന കല്പാത്തിയാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Dragon Movie crossed 100 crore collection in Box Office