തെളിവുകളുടെ പിന്‍ബലമില്ലാതെ കള്ളങ്ങള്‍ അവതരിപ്പിച്ചു സമൂഹത്തെ വിഭജിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാത്തതൊന്നുമായിരിക്കില്ല. കഴിഞ്ഞ ചില വര്‍ഷങ്ങളായി എല്ലാ മതത്തിലുലുമുള്ള മത-മുതലാളിമാര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി മനുഷ്യരെ ബലികൊടുക്കുന്ന ഏര്‍പ്പാടിലെ അവസാനത്തെ കാര്യമാണിത്.
ബ്രിട്ടീഷുകാരോ, സംഘപരിവാറുകാരോ പോലും ഇതുവരെ പറയാത്ത കളവുകളും ആരോപണങ്ങളുമാണ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പരിശുദ്ധമായ ഒരു ദിനത്തെ മുന്‍നിര്‍ത്തി ക്രൈസ്തവ വിശ്വാസികളോട് തട്ടിവിടുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങലൂരില്‍ നിന്നും ക്രൈസ്തവര്‍ തെക്കന്‍ ഭാഗങ്ങളിലേക്ക് കുടിയേറുന്നത് ‘പ്രത്യേകിച്ചും മുഹമ്മദീയരുടെ ആക്രമണം നിമിത്തം ചാരിത്ര്യവും സത്യവിശ്വാസവും” സംരക്ഷിക്കാനാണത്രെ. ഇങ്ങിനെ പുറപ്പെട്ടുപോയവരുടെ പിന്തുടര്‍ച്ചയാണത്രെ ‘സിറിയാനികള്‍’. ‘പെണ്‍കുട്ടികളുടെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനുള്ള’ നോമ്പിനെ തുടര്‍ന്നുള്ള പ്രഭാഷണമാണ് ഇത്.
ദുര്‍ഗ്രാഹ്യമായ ഭാഷയും, ഘടനാപരമായി പരിഹാസ്യവുമായ ഒരു പ്രഭാഷണത്തില്‍ പെട്ടെന്ന് കേറിവരുകയാണ് ”ഒമ്പതാം നൂറ്റാണ്ടിലെ ബലാത്സംഗവും”, ക്രൈസ്തവരുടെ തെക്കോട്ടുള്ള കുടിയേറ്റവും. ഏത് ചരിത്ര രേഖയെ തെളിവായി എടുത്താണ് ഒമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം അക്രമങ്ങളും ബലാത്സംഗങ്ങളും കൊടുങ്ങലൂരില്‍ ഉണ്ടായിട്ടുള്ളത് എന്ന് ഇദ്ദേഹം വിശദമാക്കുന്നില്ല. അങ്ങിനെയാണോ സിറിയന്‍ ക്രൈസ്തവരുടെ മലയോര കുടിയേറ്റം ഉണ്ടായിട്ടുള്ളത് എന്ന് വിശദമാക്കുന്നില്ല. ക്രൈസ്തവ സഭകളുടെ കേരളത്തിലെയെങ്കിലും ചരിത്രമോ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ കച്ചവടമോ, പോര്‍ച്ചുഗീസ് ആക്രമണമോ, ബാക്കിയുള്ള കാര്യങ്ങളോ ഒന്നും വരുന്നില്ല. ഒറ്റപ്പിടുത്തമാണ് ഒമ്പതാം നൂറ്റാണ്ടിനെ.
കേരളത്തില്‍ സുസ്ഥിരമായ ഒരു സമുദായമായി മുസ്‌ലിങ്ങള്‍ താമസിക്കാന്‍ തുടങ്ങുന്നത് അതിനുശേഷം ചുരുങ്ങിയത് രണ്ടു നൂറ്റാണ്ടുകളെങ്കിലും കഴിഞ്ഞിട്ടാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങലൂരോ അല്ലെങ്കില്‍ വേറെയെവിടെയെങ്കിലുമോ ക്രൈസ്തവ-മുസ്‌ലിം അസ്വാരസ്യങ്ങളോ ഉണ്ടായതായി ചരിത്രപരമായി എന്തെങ്കിലും തെളിവുണ്ട് എന്ന് തോന്നുന്നില്ല. മറിച്ചു അവര്‍ തമ്മില്‍ ചേര്‍ച്ചകളും ബന്ധങ്ങളുമാണ് ഉണ്ടായത് ആ കാലഘട്ടത്തില്‍ എന്ന് ‘തരിസാപ്പള്ളി ശാസനം’ പോലെയുള്ള രേഖകള്‍ സൂചിപ്പിക്കുന്നുമുണ്ട്.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങലൂര്‍ ആരാണ് ഭരിച്ചതെന്നും, അവിടെ എത്രമാത്രം മുസ്‌ലിങ്ങള്‍ ഉണ്ടായിരുന്നു എന്നും, എന്നൊക്കെയുള്ള വസ്തുതകളൊക്കെ കടലിലെറിഞ്ഞു, വര്‍ഗീയതയുണ്ടാക്കാന്‍ കള്ളവുമായി ഇറങ്ങുകയാണ് ഈ പ്രസംഗത്തിലൂടെ ഇദ്ദേഹം ചെയ്യുന്നത്.
കേരളത്തില്‍ ക്രൈസ്തവ-മുസ്‌ലിം അകല്‍ച്ചയുണ്ടാക്കിയേ അടങ്ങൂ എന്നുള്ള ചില മതപുരോഹിതന്മാരുടെ വര്‍ഗീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് ഇത്.
ഇത്തരത്തില്‍ തങ്ങളുടെ രാഷ്ട്രീയത്തിനനുസരിച്ചുള്ള വര്‍ഗീയ വിചാരങ്ങളെ, തോന്നലുകളെ, വൃത്തികെട്ട രീതിയില്‍ തുറന്നുവിടുന്ന ഇതുപോലെയുള്ളവര്‍ ചോദ്യം ചെയ്യപ്പെടേണ്ടത് വിശ്വാസികളാല്‍ തന്നെയാണ്. തികഞ്ഞ ഇസ്ലാമോഫോബിയ, മുസ്‌ലിം വിരുദ്ധത, മത സ്പര്‍ദ്ധ തുടങ്ങിയ കാര്യങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ ദൈവഭവനത്തിലെ പരിശുദ്ധിയെ ഉപയോഗിച്ചു ഉത്പാദിപ്പിക്കുകയാണ് ഇദ്ദേഹം. പ്രസംഗത്തില്‍, മുസ്‌ലിം സ്ഥാപനങ്ങള്‍, അവരുമായുള്ള ബന്ധങ്ങള്‍, കച്ചവടങ്ങള്‍ തുടങ്ങിയവ ബഹിഷ്‌കരിക്കാനുള്ള ഒളിഞ്ഞുള്ള ആഹ്വാനവും കാണാം. മുസ്‌ലിങ്ങളുമായി ഒരു സമ്പര്‍ക്കവും പാടില്ല എന്നുള്ള ഒളിച്ചു വെച്ച സന്ദേശമാണ്, കേരളത്തിലെ പ്രബലമായ ഒരു സമുദായത്തിലെ, പ്രധാനപ്പെട്ട ഒരു ഇടവകയിലെ ഒരു മതാധ്യക്ഷന്‍ പറഞ്ഞുവെക്കുന്നത്.
തെളിവുകളുടെ പിന്‍ബലമില്ലാതെ കള്ളങ്ങള്‍ അവതരിപ്പിച്ചു സമൂഹത്തെ വിഭജിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് അറിയാത്തതൊന്നുമായിരിക്കില്ല. കഴിഞ്ഞ ചില വര്‍ഷങ്ങളായി എല്ലാ മതത്തിലുലുമുള്ള മത-മുതലാളിമാര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി മനുഷ്യരെ ബലികൊടുക്കുന്ന ഏര്‍പ്പാടിലെ അവസാനത്തെ കാര്യമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ അന്വേഷണ ഏജന്‍സികളും, കോടതിയും തികച്ചും ”ഇല്ല” എന്നുപറഞ്ഞ കാര്യവുമായാണ് ബിഷപ്പ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. നിരന്തരമായി വര്‍ഗീയ വിഷമാലിന്യങ്ങള്‍ പുറംതള്ളുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍, ജോസഫ് കല്ലിറങ്ങാട് തുടങ്ങിയവരെ സമൂഹം ഈ സമയത്തു തിരിച്ചറിയുക തന്നെവേണം. ഒരു കാര്യം കൂടിയും ഇവിടെ പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
എല്ലാ സമുദായങ്ങളിലും ഇദ്ദേഹത്തിന്റെ ഒപ്പമോ അതില്‍ കൂടുതലോ വിഷം പുറത്തേക്ക് വിടുന്ന മതപ്രവര്‍ത്തകരെ കാണാം. എന്നാല്‍, മുസ്‌ലിം -ഹിന്ദു സമുദായങ്ങളിലെ ഇതുപോലെയുള്ള വര്‍ഗീയ വാദികളെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്നതും, അവരുടെ വര്‍ഗീയ നിലപാടുകളെ തുറന്നെതിര്‍ക്കുന്നതും അതെ സമുദായങ്ങളിലുള്ള വലിയൊരു വിഭാഗം എഴുത്തുകാരും, ചിന്തകരും, ഗവേഷകരും, പൊതുപ്രവര്‍ത്തകരും പിന്നെ വിശ്വാസികളും തന്നെയാണ്. അതേസമയം കഴിഞ്ഞ കുറേവര്‍ഷങ്ങളായി ചില ബിഷപ്പുമാരും മറ്റ് മത പ്രവര്‍ത്തകരും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന വര്‍ഗീയ ഭാഷണങ്ങള്‍ ഒരു പത്രവാര്‍ത്തയില്‍ കവിഞ്ഞു, സോഷ്യല്‍ മീഡിയയിലെ തല്ലുകള്‍ക്കപ്പുറം, ഒരു സാമൂഹ്യ പ്രശ്‌നമായി അവയെ കണ്ടുകൊണ്ടുള്ള ആന്തരിക വിമര്‍ശനങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
സക്കറിയ അല്ലാത്ത ആരെങ്കിലും ചില ക്രൈസ്തവ സഭകളിലെ ഈ പുതിയ പ്രതിഭാസത്തെക്കുറിച്ചു പരസ്യ വിമര്‍ശനം നടത്തിയോ എന്ന് സംശയമുണ്ട്. പഠന ലേഖനങ്ങളോ, ശ്രദ്ധിക്കപ്പെടുന്ന ഫേസ്ബുക്ക് നോട്ടുകള്‍ പോലുമോ ഒരു ആന്തരിക വിമര്‍ശനമായിട്ടു ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മൗനത്തിന്റെ പുതപ്പുകള്‍ തെമ്മാടിക്കുഴികളിലിട്ടു കത്തിക്കേണ്ട കെട്ടകാലത്ത്, ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാവാത്തത്?
സക്കറിയ
എഴുത്തുകാരുടെയും, ഗവേഷകരുടെയും, ബുദ്ധിജീവികളുടെയും ഇടയില്‍ നിന്നുണ്ടാവേണ്ട ശക്തമായ ആന്തരിക വിമര്‍ശനങ്ങള്‍ നടന്നില്ലെങ്കില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ വിശുദ്ധ ദേവാലയങ്ങളുടെ അകങ്ങളില്‍ നിന്നും നമുക്ക് കേള്‍ക്കേണ്ടിവരും. സമൂഹം പിന്നെയും വിഭജിക്കപ്പെടും. വര്‍ഗീയത ചെറുക്കുവാന്‍ ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്ന് അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പൗരോഹിത്യത്തിനെതിരെ അതെ സമുദായത്തില്‍ നിന്നു തന്നെയുണ്ടാവേണ്ട ശക്തമായ വിമര്‍ശനങ്ങളാണ്.
‘തങ്ങളും ഇവിടെ ജീവിച്ചിരുന്നു’ എന്ന് തങ്ങളുടെ ഇടവകകള്‍ക്കും, പള്ളികള്‍ക്കും, അമ്പലങ്ങള്‍ക്കും, ഓഫീസുകള്‍ക്കും പുറത്തുള്ള മനുഷ്യരെ അറിയിക്കാന്‍ എന്ത് വൃത്തികേടുകളും പറഞ്ഞു വൈറലാക്കുന്ന മതാല്‍പനമാരുടെ നാടായി നമ്മുടെ നാട് മാറരുത്.