ഡോക്ടർ ബിജു കെ.എസ്.എഫ്.ഡി.സി ബോർഡ് അംഗത്വം രാജിവെച്ചു
തിരുവനന്തപുരം: സംവിധായകൻ ബിജു കെ.എസ്.എഫ്.ഡി.സി ബോർഡ് അംഗത്വം രാജിവെച്ചു. തൊഴിൽപരമായ കാര്യങ്ങൾ കൊണ്ടാണ് താൻ രാജിവെക്കുന്നത് എന്നാണ് ബിജുവിന്റെ നിലപാട്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെ തന്നെ വിവാദമായിരുന്നു. എന്നാൽ തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് ബിജു പറയുന്നത്.
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് അംഗത്വമാണ് ഡോക്ടർ ബിജു രാജി വെച്ചിട്ടുള്ളത്. തൊഴിൽപരമായ കാരണങ്ങളാണ് ഈ രാജിക്ക് കാരണമെന്നും ഇതുമായുള്ള കൂടുതൽ കാര്യങ്ങൾ പറയാൻ താത്പര്യമില്ല എന്ന നിലപാടിലാണ് ഡോക്ടർ ബിജു.
ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോക്ടർ രഞ്ജിത്തുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഡോക്ടർ ബിജുവിന്റെ അദൃശ്യജാലകങ്ങൾ ഐ.എഫ്.എഫ്.കെക്ക് അയച്ചപ്പോൾ തെരഞ്ഞെടുക്കാതിരിക്കുകയും പിന്നീട് ലോകോത്തര ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇരുപത്തിയെട്ടാമത് ഐ.എഫ്.എഫ്.കെയിൽ കൈഡോസ്കോപ്പ് വിഭാഗത്തിൽ ഈ സിനിമ ഉൾപ്പെടുത്തുകയും ചെയ്തു.
സിനിമാ തെരഞ്ഞെടുപ്പുമായി വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഇനി തന്റെ സിനിമകൾ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കില്ല എന്ന നിലപാട് ഡോക്ടർ ബിജു എടുത്തിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി ബിജുവുമായി സംസാരിക്കുകയും പിന്നീട് ബിജു ഈ ചിത്രം ഉൾപ്പെടുത്താൻ അനുമതി നൽകുകയും ചെയ്തു.
എന്നാൽ ഒരു ഓൺലൈൻ മീഡിയ നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് ഈ വിഷയം ഉന്നയിക്കുകയും ചിലവിമർശനങ്ങൾ പറയുകയും ചെയ്തു.
‘ഡോ. ബിജു ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തു. അതിനു തിയേറ്ററില്‍ ആളുകള്‍ കയറിയില്ല. അതേസമയം മറ്റൊരു സംവിധായകന്റെ സിനിമ (പേര് പറയുന്നത് ശരിയല്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ല) തിയേറ്ററില്‍ വന്നു. അതിന് നല്ല ആള്‍തിരക്കായിരുന്നു.
ആ സിനിമക്ക് തിയേറ്ററില്‍ ആള്‍ വന്നു, ഇവിടെ മേളയിലും തെരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമക്ക് അവാര്‍ഡുകളും കിട്ടും. അപ്പോള്‍ തിയേറ്ററില്‍ ആള് വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു. ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത്.
തിയേറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടര്‍ ബിജുവിനൊക്കെ എന്താണ് റെലവന്‍സ് ഉള്ളത്,’ എന്നായിരുന്നു രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞത്.
Content Highlight: Dr. Biju resigned from KSFDC board membership