ആഗ്സത് 15ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചിരുന്നു. ധൃതിപ്പെട്ടുള്ള ഈ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി ചര്‍ച്ചകളും രൂപപ്പെട്ടിരുന്നു. തീരുമാനത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ക്ലിനിക്കല്‍ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പല ആശുപത്രികള്‍ക്കും അതിനുള്ള ശേഷിയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തലത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന ന്യൂറോ സര്‍ജനും, ആരോഗ്യ പ്രവര്‍ത്തകനും, വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ബി.ഇക്ബാല്‍ വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളുടെ ശാസ്ത്രീയവശം വ്യക്തമാക്കുകയാണ്.
ഗവേഷണത്തിനുള്ള പദ്ധതി അതീവ സുഷ്മതയോടെ നടപ്പിലാക്കിയില്ലെങ്കില്‍ വാക്‌സിന്‍ പ്രയോജനം ചെയ്യില്ലെന്നും ഗുരുതരമായ ആരോഗ്യ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുമിടയുണ്ടെന്ന് അദ്ദേഹം പറയുന്നു.മരുന്നു പരീക്ഷണങ്ങളും വാക്സിൻ പരീക്ഷണങ്ങളും നടത്തുമ്പോൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ പോലും ഐ.സി.എം.ആർ സ്വീകരിക്കുന്നില്ലെന്ന് ശാസ്ത്ര സമൂഹത്തിൽ നിന്ന് തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇത്തരത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള പരീക്ഷണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഉയരുന്ന വാദങ്ങൾ. ചൈനയിൽ 2019 അവസാനം ആരംഭിച്ച കോവിഡ് 19 ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ലക്ഷ്യക്കണക്കിനാളുകളുടെ ജീവനപഹരിച്ച് വ്യാപിച്ച് കൊണ്ടിരിക്കയാണ്, ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതിലൂടെ കോവിഡിനുമേൽ അന്തിമ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
കേരള ശാസ്ത്ര സാഹിത്യ-പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന ഡോ.ബി.ഇക്ബാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യക്തവും സമഗ്രവുമായ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്ന് വാദിക്കുന്നയാളാണ്. കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യ ആഗസ്ത് 15 ഓടെ കൊവിഡ് 19നൈതിരായ വാക്സിന്‍ വികസിപ്പിക്കും എന്ന് പ്രഖ്യാപനം വന്നിരിക്കുകയാണല്ലോ? ഇതിനെ എങ്ങിനെയാണ് താങ്കള്‍ കാണുന്നത്?
വാക്‌സിന്‍ അതിന്റെ പരീക്ഷണ ഘട്ടങ്ങള്‍ ഒന്നും കഴിയാതെ മാര്‍ക്കറ്റ് ചെയ്താല്‍ അതുകൊണ്ട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഒരു വൈറസിനെയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാക്‌സിന്‍ വികസനത്തിന് ആവശ്യമായ സമയം എടുത്തുകൊണ്ട് മാത്രമേ അത് ചെയ്യാന്‍ കഴിയുകയുള്ളൂ.
ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം സര്‍ക്കാരിന് ഒരു രാഷ്ട്രീയ മൈലേജ് കിട്ടാന്‍ വേണ്ടി അവതരിപ്പിച്ചതായാണ് തോന്നുന്നത്. ശാസ്ത്രത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ പറ്റില്ല. ശാസ്ത്രത്തിന് അതിന്റേതായ നിയമങ്ങളും രീതികളുമുണ്ട്. ഡോക്ടര്‍ ഇക്ബാല്‍ ചികിത്സിക്കുന്ന രോഗിയുടെ രോഗം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മാറുമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കില്ല. അതുപോലെ തന്നെയാണിതും.
വാക്സിന്‍ വികസനമെന്നത് അതീവ ശ്രദ്ധ ആവശ്യപ്പെടുന്നതും സൂക്ഷ്മതയോടെയുള്ള ഗവേഷണം വേണ്ടതുമായ പദ്ധതിയാണല്ലോ, ഇത്തരമൊരു സാഹചര്യത്തില്‍ ആഗസ്ത് 15 എന്ന ഒരു ദിവസം പ്രഖ്യാപിക്കുകയും ആ ദിവസം തന്നെ വാക്സിന്‍ പുറത്തിറങ്ങുന്നതും എത്രത്തോളം പ്രായോഗികമാണ്?
വാക്‌സിന്‍ ഗവേഷണത്തിനുള്ള പദ്ധതി അതീവ സൂക്ഷ്മതയോടെ നടപ്പിലാക്കിയില്ലെങ്കില്‍ വാക്‌സിന്‍ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല രോഗവ്യാപനമടക്കം ഗുരുതരമായ ആരോഗ്യ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാനുമിടയുണ്ട്. ഏറ്റവും മികച്ച നിലയില്‍ വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടുവരുന്ന അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും (എന്‍.ഐ.എച്ച്) ജനുവരിയില്‍ തന്നെ വാക്‌സിന്‍ ഗവേഷണം ആരംഭിച്ചിരുന്നു.
എങ്കില്‍ പോലും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ മാത്രമേ തങ്ങളുടെ വാക്‌സിന്‍ ഗവേഷണം പൂര്‍ത്തിയാക്കാനാവൂ എന്നാണ് എന്‍.ഐ.എച്ച് ഡയറക്ടറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഫ്രാന്‍സിസ് കോളിന്‍സ് അഭിപ്രായപ്പെട്ടിട്ടുള്ളത്. മൂന്നാംഘട്ട മനുഷ്യപരീക്ഷണം 30,000 പേരില്‍ നടത്തേണ്ടിവരുമെന്നും അത് പൂര്‍ത്തിയാക്കാന്‍ 4-5 മാസമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊവിഡിനെതിരെ വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്:
1. പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, യുകെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല, ആസ്ട്ര സെനെക്ക എന്നിവരും,
2. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുക്തമായിട്ടും
3. സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങളാണിവ.
വാക്സിന്‍ വികസനത്തിന് എന്തെല്ലാം തരത്തിലുള്ള വെല്ലുവിളിയാണ് നിലനില്‍ക്കുന്നത്?
വാക്‌സിന്‍ നല്‍കുന്നത് വഴി വൈറസിനെതിരെ പ്രതിരോധ ശേഷി കൃത്രിമമായി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജീവനുള്ള എന്നാല്‍ നിര്‍വീര്യമാക്കപ്പെട്ട രോഗാണുക്കള്‍, സജീവത നശിപ്പിക്കപ്പെട്ട രോഗാണുക്കള്‍, രോഗാണുക്കളുടെ പ്രോട്ടീന്‍, ജീന്‍ ഘടകങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
രോഗാണുജീനുകള്‍ നിരുപദ്രവകാരികളായ വൈറസ് വാഹകരില്‍ കടത്തിവിട്ടുള്ള വാക്‌സിനുകളുമുണ്ട്. ഏത് തരം വാക്‌സിന്‍ നിര്‍മ്മിക്കണമെന്നത് സംബന്ധിച്ചുള്ള മാതൃക തയ്യാറാക്കല്‍ മൃഗ-മനുഷ്യ പരീക്ഷണം എന്നിവയാണ് പ്രയോജനകരമായ വൈറസ് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന്റെ പ്രധാനഘട്ടങ്ങള്‍.
മൃഗ-മനുഷ്യ പരീക്ഷണം മറ്റൊരു മൂന്നുഘട്ടങ്ങളിലായാണ് നടത്തേണ്ടത്. ഇവയില്‍ വിജയിച്ചാല്‍ ഗുണനിലവാര പരിശോധനാ ഏജന്‍സികളുടെ വിലയിരുത്തല്‍, അംഗീകാരം , നിര്‍മ്മാണം, മാര്‍ക്കറ്റിംഗ് എന്നി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് വാക്‌സിന്‍ സമൂഹത്തിലെത്തുക.
ഇതുവരെ നടന്നിട്ടുള്ള വാക്സിന്‍ സംരംഭംങ്ങള്‍ പരിശോധിച്ചാല്‍ സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിന്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കുറഞ്ഞത് നാലു മുതല്‍ പത്ത് വര്‍ഷങ്ങള്‍ വരെയെടുക്കാം. എന്നാല്‍ ആദ്യഘട്ട മാതൃക കണ്ടെത്തല്‍ സമയം ചുരുക്കിയും പരീക്ഷണ ഘട്ടത്തില്‍ തന്നെ അവശ്യമായ ഡോസ് വാക്‌സിനുകള്‍ കാലേകൂട്ടി മുന്‍കൂട്ടി തയ്യാറാക്കിവച്ചും കാലയളവ് ഒന്നോ രണ്ടോ വര്‍ഷമായി കുറക്കാന്‍ കഴിഞ്ഞേക്കാം.
അതിനുള്ള ശ്രമങ്ങളാണ് പല രാജ്യങ്ങളിലായി ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ മനുഷ്യ പരീക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാവില്ല. എന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിന്‍ വികസനത്തിന്റെ കാര്യത്തില്‍ ഐ.സി.എം.ആര്‍ തെറ്റായ തരത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്ന് കരുതുന്നുണ്ടോ
തങ്ങളുടെ വാക്‌സിന്‍ വികസന സംരംഭം മനുഷ്യരിലുള്ള ക്ലീനിക്കല്‍ ട്രയലിന്റെ മൂന്നാം ഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് ഐ.സി.എം.ആര്‍ അവകാശപ്പെടുന്നത്. ആഗസ്റ്റ് പതിനഞ്ചിന് തന്നെ വാക്‌സിന്‍ പുറത്തിറക്കേണ്ടതുള്ളതുകൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എം.ആര്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികള്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ കത്തയച്ചത് വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ നിര്‍ദ്ദേശപ്രകാരമാണ് കത്തയക്കുന്നതെന്നും ഐ.സി.എം.ആര്‍ പറഞ്ഞിരിക്കുന്നു.
ഐ.സി.എം.ആറിന്റെ ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രിയനുസരിച്ച് വാക്‌സിന്റെ സുരക്ഷ പരിശോധിക്കാനുള്ള ഒന്നാംഘട്ട പരീക്ഷണം ജൂലൈ 13നാണ് ആരംഭിക്കേണ്ടത്. ഇതിന് ഒരാഴ്ച്ചയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ടോ എന്ന രണ്ടാം ഘട്ട പരീക്ഷണത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും.
രോഗത്തിനെ പൂര്‍ണമായും തടയാന്‍ കഴിയുമോ എന്ന അന്തിമഘട്ട പരീക്ഷണം പതിനായിരിക്കണക്കിന് ആളുകളില്‍ നടത്തേണ്ടി വരും. ഇതിന് നാലഞ്ചുമാസം എന്തായാലും വേണ്ടിവരും. ഇതെല്ലാം ലംഘിച്ച് ധൃതിപിടിച്ച് വാക്‌സിന്‍ മാര്‍ക്കറ്റ് ചെയ്യാനാണ് ഐ.സി.എം.ആര്‍ ശ്രമിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട പല ആശുപത്രികള്‍ക്കും അതിനുള്ള ശേഷിയില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ശാസ്ത്ര സമൂഹത്തിൽ നിന്ന് ഈ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയരുന്നുണ്ടല്ലോ? വളരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഐ.സി.എം.ആർ തന്നെ മരുന്ന് പരീക്ഷണത്തിൽ സ്വീകരിക്കേണ്ട കരുതൽ നടപടികളേ തീർത്തും അശാസ്ത്രീയമായി സമീപിക്കുകയാണ് എന്നും ആരോപണം ഉയരുന്നുണ്ടല്ലോ?
സംസ്ഥാനങ്ങളിൽ നിന്നും ഔഷധ ഗവേഷണത്തിനും മറ്റുമായി ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ കുറ്റകരമായ അനാസ്ഥകാട്ടുന്ന സ്ഥാപനമാണ് ഐ സി എം ആർ എന്ന് കൂടി ചൂണ്ടിക്കാട്ടേതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിനുള്ള അനുമതി ഐ സി എം ആർ വൈകിച്ചുവെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലിനിക്കൽ ട്രയൽ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് ആശുപത്രികളിലെ നൈതിക കമ്മറ്റികളാണ് (Institutional Ethics Committee). ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും തയ്യാറാക്കുകയും അവ നടപ്പിലാക്കയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട സമിതി കൂടിയാണ് ഐ സി എം ആർ. അവർ തന്നെ എല്ലാ മരുന്നുപരീക്ഷണ കരുതൽ നടപടികളും ലംഘിക്കാൻ നിർബന്ധിക്കുന്ന തരത്തിൽ ഇങ്ങനെയൊരു നിർദ്ദേശം നൽകിയതിനെതിരെ രാജ്യത്തെ ശാസ്ത്രസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരിക്കയാണ്. റഫറി തന്നെ ഫൌൾ ചെയ്യാൻ കളിക്കരെ നിർബന്ധിക്കുന്നതിന് തുല്യമാണിത്.
വാക്സിൻ പരീക്ഷണത്തിലെ അപാകത ചൂണ്ടികാട്ടുന്നവരെ രാജ്യദ്രോഹികൾ എന്നും വിശേഷിപ്പിക്കാൻ സാധ്യതയുണ്ട്.. ഭാഗ്യത്തിനു സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര് ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ച സാഹചര്യത്തിൽ അങ്ങിനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. എങ്കിലും വിമർശകർ ചൂണ്ടികാട്ടിയ വസ്തുതകൾ നിഷേധിച്ച് സ്വയം നീതികരിച്ച് ഐ സി എം ആർ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കു ന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യ ദിനത്തിന് ഒരു “ദേശീയ“ തട്ടികൂട്ട് വാക്സിൻ പ്രഖ്യാപിക്കപ്പെടുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ലോകത്തിന്റെ ആകെ ജീവിതാവസ്ഥ മാറ്റിമറിച്ച കൊവിഡ് 19 നെതിരെ വാക്‌സിന്‍ വികസനത്തിനുള്ള ശ്രമങ്ങളും ഗവേഷണങ്ങളും ലോകമെമ്പാടും നടക്കുമ്പോള്‍ ആശ്വസിക്കാന്‍ എന്താണുള്ളത്?
കൊവിഡിന് കാരണമായ സാര്‍സ് കൊറോണ വൈറസ് 2 ഒരു ആര്‍.എന്‍.എ വൈറസാണ്. ആര്‍.എന്‍.എ വൈറസുകള്‍ നിരന്തരം ജനിതകവ്യതിയാനത്തിന് വിധേയമാകുന്നത് വാക്‌സിന്‍ നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുണ്ടാകും. എല്ലാത്തരം ജനിതകഘടനകള്‍ക്കും യോജിച്ച വാക്‌സിന്‍ നിര്‍മ്മിക്കുക എളുപ്പമല്ല.
ഇപ്പോള്‍ സാര്‍സ് കൊറോണ വൈറസ് 2വിന്റെ ജനിതക ഘടന വിവിധ രാജ്യങ്ങളിലായി രേഖപ്പെടുത്തി വരികയാണ്. 9000 വൈറസ് ഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ കാര്യമായ വ്യത്യാസം കാണുന്നില്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് വാക്‌സിന്‍ നിര്‍മ്മാണം വേഗത്തിലാവാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ പരീക്ഷണം നടത്തേണ്ട ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ 10 എണ്ണം എത്തിയിട്ടുണ്ട്. 126 എണ്ണം അതിനുമുമ്പുള്ള ഘട്ടത്തിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക