'ബ്രാഹ്മണിക പിതൃമേധാവിത്തം തകർക്കുക': പ്ലക്കാർഡ് പിടിച്ചതിനു ട്വിറ്റർ സി.ഇ.ഓക്ക് വിമർശനം
national news
'ബ്രാഹ്മണിക പിതൃമേധാവിത്തം തകർക്കുക': പ്ലക്കാർഡ് പിടിച്ചതിനു ട്വിറ്റർ സി.ഇ.ഓക്ക് വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 1:52 pm

ന്യൂദൽഹി: ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിക്കെതിരെ വിമർശനവുമായി ഏതാനും ഇന്ത്യക്കാരായ “ട്വിറ്ററാറ്റി”കൾ രംഗത്ത്. ജാക്ക് ” ബ്രാഹ്മണ മേധാവിത്തം തുലയട്ടെ” എന്നെഴുതിയ പ്ലകാർഡ് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്ചില ഇന്ത്യൻ ട്വിറ്റർ യൂസേഴ്സിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ സംസ്കാരത്തിനെതിരെയുള്ളതാണ് ട്വിറ്റർ സി.ഇ.ഒയുടെ പ്രവർത്തിയെന്നും, ജാക്കിനെ എത്രയും വേഗംഅറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നും പലരും ട്വിറ്ററിൽ കുറിച്ചു.

Also Read കോടിയേരിക്ക് സമനിലതെറ്റിയെന്ന് രാജ്‌നാഥ് സിങ്ങ്: ആര്‍.എസ്സ്.എസ്സിനെ ഖാലിസ്താനുമായി താരതമ്യം ചെയ്തതിന് മറുപടി

ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ത്രീ മാധ്യമപ്രവർത്തകറുമായി കൂടികാഴ്ച്ച നടത്താനാണ് ജാക്ക് ഡോർസി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ട്വിറ്ററിന്റെ സ്വാധീനത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നു ഈ സ്വകാര്യ കൂടിക്കാഴ്ചയുടെ ഉദ്ദേശം. കൂടിക്കാഴ്ച്ചയുടെ അവസാനം സൗഹൃദസൂചകമായാണ് ചർച്ചയിൽ പങ്കെടുത്ത ദളിത് മാധ്യമ പ്രവർത്തക തന്റെ കയ്യിലുള്ള പ്ലക്കാർഡ് ജാക്കിന് കൈമാറിയത്. പ്രമുഖ മാധ്യമപ്രവർത്തക ബർഖ ദത്തും ചർച്ചയിൽ പങ്കെടുത്തിരുന്നു. അന്ന എം.എം. വെട്ടിക്കാട് എന്ന മാധ്യമപ്രവർത്തകയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഉടൻ തന്നെ ചിത്രം അവഹേളനത്തിനും വിമർശനത്തിനും പാത്രമാവുകയായിരുന്നു.

“ജാക്ക് ഡോർസി ഇങ്ങനെ ബ്രാഹ്മണരെ അപമാനിക്കാൻ പാടില്ലായിരുന്നു. ഇയാൾക്കെതിരെ കേന്ദ്ര ഗവണ്മെന്റ് കേസെടുക്കേണ്ടതാണ്” മുൻ ഇൻഫോസിസ് ഡയറക്ടറായ മോഹൻദാസ് പൈ ട്വിറ്ററിൽ കുറിച്ചു. ദക്ഷിണേന്ത്യൻ നടിയും മോഡലുമായ കസ്തുരി ശങ്കറും ജാക്കിനെതിരെ രംഗത്ത് വന്നു.”എടോ പൊട്ടാ, തന്റെ ട്വിറ്റർ ഹാൻഡിൽ മാറ്റാനുള്ള സമയമായി. ബർത്ത്ഡേക്കാരാ “ജൂതമേധാവിത്വം തുലയട്ടെ” എന്ന പ്ലക്കാർഡുമായി താൻ വരുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്” എന്നാണ് കസ്തൂരി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.

Also Read കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം

ജാക്കിനെ വിമർശിക്കുന്നവരുടെ കൂട്ടത്തിൽ വൈദേശികരും ഉണ്ടെന്നുള്ളതാണ് കൗതുകകരമായ വസ്തുത “ആരാണ് ജാക്കിനോട് ഈ പ്ലക്കാർഡ് പിടിക്കാൻ പറഞ്ഞത്? ഇയ്യാൾക്കറിയില്ലേ ബ്രാഹ്മണരാണ് ഹിന്ദു സംസ്കാരത്തെ മുന്നോട്ട് നയിക്കുന്നതെന്ന്? അമേരിക്കയിലും ബ്രാഹ്മണർക്കെതിരെ നീക്കങ്ങൾ നടക്കുന്നുണ്ട്.” ജർമൻ പൗരയായ മറിയ വീർത്ത് ട്വിറ്ററിൽ കുറിച്ചു.

വിമർശകരിൽ ചിലർ ട്വിറ്ററിന്റെ പേജ് തന്നെ റിപ്പോർട്ട് ചെയ്യാനാരംഭിച്ചപ്പോൾ ട്വിറ്റർ, ഉപഭോക്താക്കൾക്ക് വിശദീകരണം നൽകാൻ തീരുമാനിച്ചു. പ്ലക്കാർഡിൽ ഉള്ളത് ജാക്കിന്റെ വ്യക്തിപരമായ അഭിപ്രായം അല്ലെന്നും ഭിന്ന ശബ്ദങ്ങൾക്ക് സ്വീകാര്യത നൽകാൻ മാത്രമാണ് ജാക്ക് ഡോർസി ശ്രമിച്ചതെന്നും ട്വിറ്റർ കമ്പനി പറഞ്ഞു.