Sports News
അശ്വിന്‍ പോയപ്പോള്‍ ഇരട്ടത്തിരിച്ചടി; ഇന്ത്യ ഉറപ്പായും വിയര്‍ക്കും
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 17, 04:00 am
Saturday, 17th February 2024, 9:30 am

ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പിന്മാറിയിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അമ്മയുടെ അടുത്തേക്കാണ് അദ്ദേഹം മടങ്ങിയത്. കളിയുടെ രണ്ടാം ദിനത്തില്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ഇതിഹാസ ബൗളര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്തുണയും അറിയിച്ചിട്ടുണ്ട്.

നിര്‍ണായക മത്സരത്തില്‍ അശ്വിന്റെ വിടവ് വലുതാണെങ്കിലും താരത്തിന്റെ സ്വകാര്യതയെ മാനിക്കുന്നുണ്ടെന്ന് ബോഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ തിരിച്ചടി ഉണ്ടായത് ഇന്ത്യന്‍ പ്ലെയിങ് ഇലവനിലാണ്.

പൂര്‍ണ്ണമായ പ്ലെയിങ് ഇലവനില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുക. 10 അംഗ ഇന്ത്യന്‍ ടീമിന് ഒരു ഫീല്‍ഡറെ മാത്രമാണ് ലഭിക്കുക. എന്നാല്‍ ആ കളിക്കാരനെ ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ അനുവദിക്കില്ല.

ഐ.സി.സി നിയമങ്ങള്‍ അനുസരിച്ച് പരിക്ക്, അസുഖം അല്ലെങ്കില്‍ പൂര്‍ണ്ണമായി കളിക്കാന്‍ കഴിയാത്ത കാരണത്താല്‍ ഏതെങ്കിലും താരത്തിന് പിന്‍മാറേണ്ടി വന്നാല്‍ അമ്പയര്‍ക്ക് ഒരു ഫീല്‍ഡറെ അനുവദിക്കാം. എന്നാല്‍ നിയമമനുസരിച്ച് ഈ താരത്തിന് ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ കഴിയില്ല.

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അശ്വിന്റെ അഭാവം ഇന്ത്യക്ക് ഏറെ വെല്ലുവിളിയാണ്. എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

Content Highlight: Double blow for India