ഗണപതി വിഗ്രഹം പുഴയില്‍ നിമജ്ഞനം ചെയ്യരുത്: തെലങ്കാന ഹൈക്കോടതി
national news
ഗണപതി വിഗ്രഹം പുഴയില്‍ നിമജ്ഞനം ചെയ്യരുത്: തെലങ്കാന ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 10:20 am

ഹൈദരാബാദ്: പ്ലാസ്റ്ററോഫ് പാരിസ് ചെയ്ത ഗണപതി വിഗ്രഹങ്ങള്‍ നദികളില്‍ ഒഴുക്കുന്നത് തടയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതി.

തെലങ്കാനയിലെ പ്രധാന ആചാരങ്ങളിലൊന്നായ ഗണേശചതുര്‍ത്ഥി സെപ്തംബര്‍ 28ന് നടക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.  പത്ത് ദിവസത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി വലിയ രീതിയിലുള്ള നിമജ്ഞന ചടങ്ങുകളാണ് നടക്കാനിരിക്കുന്നത്.

തെലങ്കാനയില്‍ ഉടനീളവും പ്രത്യേകിച്ച് ഹൈദരാബാദിലെയും ജലാശയങ്ങളില്‍ പ്ലാസ്റ്ററോഫ് പാരിസ് ചെയ്ത ഗണപതി വിഗ്രഹങ്ങള്‍ ഒഴുക്കുന്നത് കര്‍ശനമായും നിരോധിക്കണമെന്നാണ് കോടതി ഉത്തരവ്.

എന്നാല്‍ പ്ലാസ്റ്ററോഫ് പാരിസ് ചെയ്ത ഗണപതി വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യാന്‍ ഗ്രേറ്റര്‍ ഹൈദരാരാബാദിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിര്‍മിച്ച കൃത്രിമ കുളങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

പ്രസ്തുത വിഷയത്തില്‍ 2021ല്‍ കോടതി ജലാശയങ്ങളില്‍ വിഗ്രഹങ്ങള്‍ ഒഴുക്കുന്നതിനെതിരായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ആ വിധി നടപ്പാക്കിയിരുന്നില്ല.

2021ലെ ഈ വിധിയെ അവഗണിച്ചുവെന്നാരോപിച്ച് അഭിഭാഷകനായ എം.വേണു മാധവിന്റെ ഹരജി പരിഗണിച്ചതിനെ തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ തുടരുമെന്നും ഉത്തരവ് ലംഘിക്കുന്നത് കോടതിയലക്ഷ്യത്തിന് വഴിവെക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഗണേശ ചതുര്‍ത്ഥി അടുക്കുന്നതിന് തൊട്ടു മുമ്പ് കോടതിയലക്ഷ്യ ഹരജി നല്‍കിയതില്‍ ചീഫ് ജസ്റ്റിസ് അലോക് ആരഥേ, ജസ്റ്റിസ് ശ്രീനിവാസറാവു എന്നിവര്‍ ഹരജിക്കാരനെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ ഇടക്കാല ഉത്തരവിനെ തെലങ്കാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു എന്നും ഹുസൈന്‍ സാഗര്‍ തടാകത്തില്‍ വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യരുതെന്ന കോടതി ഉത്തരവ് ലംഘിക്കുകയും ചെയ്തുവെന്നാണ് ഹരജിയില്‍ പറയുന്നത്.

വിഗ്രഹ നിമജ്ഞനത്തിനായി ക്രെയിനുകളെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയുള്ള തെലങ്കാന സര്‍ക്കാരിന്റെ ആഹ്വാനം കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയുള്ള ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം അറിയിക്കാന്‍ അഡീഷണല്‍ ജനറല്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള വാദം സെപ്തംബര്‍ ഒമ്പതിലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

content highlight: dont immersion ganpathi idol in river; telangana high court