caa
വാര്‍ത്താ ചാനലുകള്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം; 'ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കരുത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 20, 05:15 pm
Friday, 20th December 2019, 10:45 pm

ന്യൂദല്‍ഹി: വാര്‍ത്താ ചാനലുകള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. സമൂഹത്തില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

അക്രമത്തിന് പ്രേരിപ്പിക്കാന്‍ സാധ്യതയുള്ളതോ ദേശ വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വാര്‍ത്താ ചാനലുകളോട് മന്ത്രാലയംആവശ്യപ്പെടുന്നുണ്ട്. 10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് നിര്‍ദ്ദേശം നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ നല്‍കിയ നിര്‍ദ്ദേശം ചില ടിവി ചാനലുകള്‍ പാലിച്ചില്ലെന്നും എല്ലാ ടിവി ചാനലുകളും അക്രമത്തിന് പ്രേരിപ്പിക്കാന്‍ സാധ്യതയുള്ളതോ ക്രമസമാധാന പാലനത്തിനെതിരായതോ ദേശ വിരുദ്ധ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം കാണിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വ്യക്തികളെയോ സമൂഹത്തെയോ അപമാനിക്കുന്ന വാര്‍ത്ത നല്‍കരുതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.