ന്യൂദല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ് മരണ നിരക്ക് കൂടുന്നുവെന്ന വാദം തള്ളി സുപ്രീംകോടതി. കൊവിഡ് വാക്‌സിനേഷന് ശേഷം ‘അവിശ്വസീനയമായ മരണ’ങ്ങള്‍ കൂടിയെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വ്‌സിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
‘കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ഒരു പുകമറ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വാക്‌സിനേഷന്‍ കൊണ്ട് വലിയ ഗുണങ്ങളുണ്ട്. ലോകാരോഗ്യസംഘടനയും ഇത് വ്യക്തമാക്കിയിട്ടുണ്ട്,’ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും എ.എസ്. ബൊപ്പണ്ണയുമടങ്ങിയ ബെഞ്ച് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ച ആളുകളെ നിരീക്ഷിക്കുന്നതിനും വാക്‌സിനേഷന് 30 ദിവസത്തിന് ശേഷം മരണപ്പെടുകയോ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയോ ചെയ്ത സംഭവങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
ഇതിനോടകം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ച ശേഷം 900 പേര്‍ മരണപ്പെട്ടുവെന്ന് ഹരജിയില്‍ പറയുന്നു.
പ്രതിരോധ കുത്തിവെപ്പിന് ശേഷമുള്ള പ്രതികൂല സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 2015 ല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നും അതിനാലാണ് ”അവിശ്വസനീയമായ മരണങ്ങള്‍” ഉണ്ടാകുന്നതെന്നുമാണ് ഗോണ്‍സാല്‍വ്‌സ് പറയുന്നത്.
എന്നാല്‍ വാക്സിനേഷന് ശേഷമുള്ള എല്ലാ മരണങ്ങളേയും വാക്സിന്‍ കാരണമാണെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും അത്തരം മരണങ്ങളും വാക്സിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.