ന്യൂദല്‍ഹി: ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിക്കുന്നതുവരെ വ്യാപാരികളോട് ജി.എസ്.ടി. അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനുമായ പ്രഹ്ലാദ് മോദി.
തങ്ങളുടെ ആവശ്യം മഹാരാഷ്ട്രാ സര്‍ക്കാരിനെയും കേന്ദ്രത്തെയും അറിയിക്കാന്‍ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ദവ് താക്കറെയും മോദിയെയും കച്ചവടക്കാരുടെ വീട്ടുപടിക്കലെത്തിക്കുന്ന തരത്തിലാവണം പ്രക്ഷോഭം എന്നും പ്രഹ്ലാദ് മോദി പറഞ്ഞു.
രാജ്യത്തൊട്ടാകെയുള്ള 6.50 ലക്ഷം ഫെയര്‍ പ്രൈസ് ഷോപ്പ് കച്ചവടക്കാരെ പ്രതിനിധീകരിച്ചാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിക്കുന്നതുവരെ ജി.എസ്.ടി. (ചരക്ക് സേവന നികുതി) നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
‘നരേന്ദ്ര മോദിയോ മറ്റാരെങ്കിലുമോ ആകട്ടെ, അവര്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കണം. ഇന്ന് ഞാന്‍ ഇത് നിങ്ങളോട് പറയുന്നു, ആദ്യം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതുക, ഞങ്ങള്‍ പറയുന്നത് നിങ്ങള്‍(സര്‍ക്കാര്‍) കേള്‍ക്കുന്നതുവരെ ഞങ്ങള്‍ ജി.എസ്.ടി. നല്‍കില്ല, നമ്മള്‍ ജനാധിപത്യത്തിലാണ് അല്ലാതെ അടിച്ചമര്‍ത്തപ്പെട്ടവരല്ല,” പ്രഹ്ലാദ് മോദി പറഞ്ഞു.