'ബാലഭാസ്‌കറെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നു'; താന്‍ ഉറങ്ങുകയായിരുന്നെന്ന് പറഞ്ഞിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍
Kerala News
'ബാലഭാസ്‌കറെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നു'; താന്‍ ഉറങ്ങുകയായിരുന്നെന്ന് പറഞ്ഞിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st July 2020, 7:02 pm

തിരുവനന്തപുരം: ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്‌കറിന് ജീവനുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്‌കര്‍ പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ബാലഭാസ്‌കറില്‍ നിന്നും മരണമൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെതാണ് വെളിപ്പെടുത്തല്‍.

പത്ത് മിനുട്ടിലേറെ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നെന്നും പിന്നീട് ബന്ധുക്കളെത്തി അദ്ദേഹത്തെ കൊണ്ട് പോവുകയുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. വാഹനമോടിച്ചത് ബാലഭാസ്‌കറല്ല എന്നാണ് മനസിലാകുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

‘ബാലഭാസ്‌കറിന് പത്ത് മിനിറ്റ് ഓളം ബോധം ഉണ്ടായിരുന്നു. തന്റെ കൈകള്‍ ചലിക്കുന്നില്ലെന്ന് ബാലഭാസ്‌ക്കര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ താന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എത്തി ബാലഭാസ്‌ക്കറേയും ,ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി,’ ഡോക്ടര്‍ പറഞ്ഞു.

അതേസമയം ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗ് ആണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.

ഡ്രൈവര്‍ അര്‍ജുന്റെ മൊഴിക്ക് വിരുദ്ധമാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ