അക്കൗണ്ട് മരവിപ്പിക്കരുത്; സംശയമുള്ള തുക മാത്രം മരവിപ്പിക്കുക: നിര്‍ദേശവുമായി കേരള പൊലീസ്
national news
അക്കൗണ്ട് മരവിപ്പിക്കരുത്; സംശയമുള്ള തുക മാത്രം മരവിപ്പിക്കുക: നിര്‍ദേശവുമായി കേരള പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th April 2023, 10:43 am

തിരുവനന്തപുരം: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട പരാതിയുള്ള അക്കൗണ്ടിലെ സംശയമുള്ള തുക മാത്രം മരവിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശവുമായി കേരള പൊലീസ്. പരാതികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കരുതെന്നും അങ്ങനെ ചെയ്യാന്‍ നിര്‍ദേശമോ നിയമമോ ഇല്ലെന്നും പൊലീസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയെന്ന് പൊലീസിലെ സൈബര്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അക്കൗണ്ട് പൂര്‍ണമായും മരവിച്ചെന്ന പരാതി കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും സൈബര്‍ വിഭാഗം അറിയിച്ചു.

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഒന്നിന് പിറകെ ഒന്നായി ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.

അനധികൃത പണമിടപാട് നടത്തിയതില്‍ കേസ് നേരിടുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും എറണാകുളം മുപ്പത്തടത്തെ സിജോ ജോര്‍ജ് എന്ന ഹോട്ടലുടമയുടെ അക്കൗണ്ടില്‍ പണം എത്തിയതാണ് കേസിനാസ്പദമായ സംഭവം. സിജോ ഹോട്ടലില്‍ ഇറച്ചി എത്തിക്കുന്നവര്‍ക്കും മറ്റു ചിലര്‍ക്കും ഈ അക്കൗണ്ടില്‍ നിന്നും പണം നല്‍കിയിരുന്നു. പിന്നീട് മാര്‍ച്ച് 24ഓടെ ഒന്നിന് പിറകെ ഒന്നായി അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു.

അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ചട്ടപ്രകാരമുള്ള നടപടികള്‍ പ്രകാരമാണെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. ഇടപാടുകാര്‍ക്ക് ഗുജറാത്ത് പൊലീസിലെ അന്വേഷണ സംഘത്തിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞു.

എന്നാല്‍ സംശയാസ്പദമായ ഇടപാടുകളെന്നാരോപിച്ച് അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്ക് നടപടികളില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് നിയമവിദഗ്ധരെ ഉദ്ധരിച്ച് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കുന്നത് നിയമപരമായി സാധൂകരിക്കാവുന്ന നടപടിയല്ലെന്നാണ് വിമര്‍ശനം.

നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുറവാണ്. ഇങ്ങനെ പരാതിയുണ്ടെന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം.

content highlight: Do not freeze the account; Freeze only suspicious amount: Kerala Police with suggestion