'ഉമ്മന്‍ചാണ്ടിയെ പോലും ഡി.എം.കെ അപമാനിച്ചു'; പൊട്ടിക്കരഞ്ഞ് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ്; ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യം
India
'ഉമ്മന്‍ചാണ്ടിയെ പോലും ഡി.എം.കെ അപമാനിച്ചു'; പൊട്ടിക്കരഞ്ഞ് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ്; ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th March 2021, 10:57 pm

ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ്. ഡി.എം.കെയുമായുള്ള സീറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ അപമാനിച്ചെന്നും സീറ്റ് ചര്‍ച്ചകള്‍ക്കായി എത്തിയ തമിഴ്‌നാടിന്റെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടിയെ വരെ ഡി.എം.കെ അപമാനിച്ചെന്നുമാണ് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ് അഴഗിരി പറഞ്ഞത്

കോണ്‍ഗ്രസ് എക്സിക്യൂട്ടിവില്‍ കെ.എസ് അഴഗിരി പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഇക്കാര്യം പറഞ്ഞത്. ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെയാണ് തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് തമിഴ്നാടിലെ കോണ്‍ഗ്രസ് അവശ്യം ഉന്നയിച്ചത്. അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 40 സീറ്റായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഡി.എം.കെ നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

കോണ്‍ഗ്രസ് 30 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 22 സീറ്റാണ് ഡി.എം.കെ ഒടുവില്‍ വാഗ്ദാനം ചെയ്തത്. 24 സീറ്റിലേക്ക് അവസാനവട്ട ചര്‍ച്ച എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.

അതേസമയം തമിഴ്‌നാട്ടില്‍ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്‌സഭാ സീറ്റിലും ബി.ജെ.പി മത്സരിക്കും. ഇത് സംബന്ധിച്ച് അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തീരുമാനമായി.

ഒരാഴ്ചക്കാലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുകയെന്ന് പിന്നീട് അറിയിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘DMK insulted even Oommen Chandy’; Tamil Nadu Congress president bursts into tears; Wants contest alone in TN Election