പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.
നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രം കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളിസമൂഹത്തെ ഒന്നാകെ നാണം കെടുത്തുന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്നരംഗം ഉണ്ടെന്നുള്ളതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ചിത്രം റിലീസായി രണ്ടാം ദിവസം തന്നെ ദിവ്യപ്രഭയുടെ രംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീലച്ചുവയുള്ള കമന്റുകള്‍ പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ദിവ്യപ്രഭയുടെ ഫോട്ടോയോടൊപ്പം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിന് അവാര്‍ഡ് ലഭിച്ച സമയത്ത് വലിയ വാര്‍ത്തയായിരുന്നെന്നും എന്നാല്‍ അന്ന് എത്രപേര്‍ അഭിനന്ദിച്ചുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ ചിത്രത്തെ കേരളത്തിലുള്ളവര്‍ ബി ഗ്രേഡ് സിനിമയുടെ ലെവലില്‍ ചര്‍ച്ച ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന ഏര്‍പ്പാടാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രം പറയുന്ന തീം എന്താണെന്ന് പോലും നോക്കാതെ അതിലെ നഗ്നരംഗത്തിന്റെ പൈറേറ്റഡ് വേര്‍ഷന്‍ പ്രചരിപ്പിക്കുന്ന ആളുകളെയും കുറ്റപ്പെടുത്തുന്നുണ്ട്.
മുംബൈ നഗരത്തിലെ രണ്ട് മലയാളി നേഴ്‌സുകളുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. അസീസ്, ഛായാ ഖദം, ഹൃദു ഹാറൂണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തോമസ് ഹക്കിം, ജൂലിയന്‍ ഗ്രാഫ് (പെറ്റിറ്റ് കായോസ്), സീക്കോ മൈത്ര (ചാക്ക് ആന്‍ഡ് ചീസ് ഫിലിംസ്), രണബീര്‍ ദാസ് (അനദര്‍ ബര്‍ത്) എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പായല്‍ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Divya Prabha’s scene in All We Imagine as Light treated badly in social media