ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വന്തം ശമ്പളം തടഞ്ഞുവെച്ച് ജില്ലാ കളക്ടറുടെ വ്യത്യസ്ത പ്രതിഷേധം.
പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് ജബല്‍പൂര്‍ ജില്ലാ കളക്ടറായ കരംവീര്‍ ശര്‍മ ഐ.എ.എസ് ആണ് സ്വന്തം ശമ്പളം തന്നെ തടഞ്ഞുവെച്ച് മാതൃക സൃഷ്ടിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഹെല്‍പ്‌ലൈന്‍ വഴി ജബല്‍പൂര്‍ ജില്ലയില്‍ നിന്ന് വന്ന പരാതികളാണ് പരിഹരിക്കപ്പെടാതെ കെട്ടിക്കിടക്കുന്നത്. ഇതില്‍ ക്ഷുഭിതനായ കളക്ടര്‍ തന്റെയും സഹപ്രവര്‍ത്തകരുടെയും ശമ്പളം തടഞ്ഞുവെക്കാന്‍ ഉത്തരവിടുകയായിരുന്നു. ഡിസംബര്‍ മാസത്തെ ശമ്പളമാണ് തടഞ്ഞുവെച്ചത്.
ഇത് സംബന്ധിച്ച് ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചത് കാരണം ചില തഹസീല്‍ദാര്‍മാരുടെ ഇന്‍ക്രിമെന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനും നിര്‍ദേശമുണ്ട്.
ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ 100 ദിവസം പിന്നിട്ടിട്ടും പരിഹരിക്കപ്പെട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് ചില ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നതെന്നും കളക്ടറേറ്റ് പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ജബല്‍പൂര്‍ ജില്ലാ പഞ്ചായത്തില്‍ വെച്ച് നടന്ന യോഗത്തില്‍ കളക്ടര്‍ പരാതികള്‍ പരിശോധിച്ചിരുന്നു. വകുപ്പ് തലത്തില്‍ കെട്ടിക്കിടക്കുന്ന പരാതികളായിരുന്നു പരിശോധിച്ചത്.