ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള പുരോലയില്‍ സംഘപരിവാര്‍ സംഘടനകള്‍ നാളെ നടത്താനിരുന്ന മഹാപഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ലവ് ജിഹാദ് ആരോപിച്ച് തീവ്ര ഹിന്ദുത്വവാദികള്‍ മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരെ അക്രമം നടത്തുകയും പ്രദേശത്തെ കടകള്‍ പൂട്ടി നാടുവിടാനും നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രദേശത്ത് നാളെ മഹാപഞ്ചായത്ത് നടത്തുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി പറഞ്ഞു. പുരോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്ര ഹിന്ദുത്വവാദികള്‍ മുസ്‌ലിങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശദാബ് ശംസ് മുഖ്യമന്ത്രിയെ കണ്ട് പിന്തുണ തേടിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡിലെ മുസ്‌ലിങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയോട് അഭ്യര്‍ത്ഥിച്ചതായി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.
മഹാപഞ്ചായത്ത് തടയണമെന്ന് ആവശ്യപ്പെട്ട് 52 മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കത്തെഴുതി ആശങ്കയറിയിച്ചിരുന്നു.
ഹിന്ദി പണ്ഡിതരായ അശോക് വാജ്പേയി, അപൂര്‍വാനന്ദ് എന്നിവര്‍ക്ക് പുറമെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും കഴിഞ്ഞ ദിവസം സുപ്രീം കോടതിക്കും ഉത്തരാഖണ്ഡ് ഹൈക്കോടതിക്കും കത്തയച്ചിരുന്നു. സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപിന്‍ സംഘിക്കും രണ്ട് കത്തുകളാണ് അയച്ചത്.
ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവാവും ചേര്‍ന്ന് 14കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മെയ് 26 മുതലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. കുറ്റക്കാരായ ഉബെദ് ഖാന്‍, ജിതേന്ദ്ര സൈനി എന്നിവര്‍ മെയ് 27ന് അറസ്റ്റിലായിരുന്നു.
കേസില്‍ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയര്‍ത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ ലവ് ജിഹാദ് കേസായി അവതരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ നിരവധി സ്ഥലങ്ങളില്‍ മുസ്‌ലിങ്ങളുടെ കടകളും വീടുകളും നശിപ്പിച്ചു.
ജൂണ്‍ 15നകം ഉത്തരകാശിയിലെ പുരോല മാര്‍ക്കറ്റില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ കടകള്‍ അടച്ച് സംസ്ഥാനം വിട്ട് പോകണമെന്ന പോസ്റ്ററുകളും സംഘപരിവാര്‍ പതിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പല മുസ്‌ലിം വ്യാപാരികളും കടകള്‍ അടച്ചിടാനും ജില്ല വിട്ട് പോകാനും തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.